തിരുവനന്തപുരം:അൻപതിനായിരം കോടി രൂപയുടെ വികസനപദ്ധതികൾ ഏറ്റെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന കിഫ്ബിയുടെ ഇതുവരെയുള്ള പദ്ധതി ചെലവ് 41,000 കോടി കടന്നു. ഇന്നലെ ചേർന്ന ബോർഡ് യോഗം 1,611കോടിയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകിയതോടെ ചെലവ് 41,325കോടിയായി.
മൊത്തം ചെലവിൽ 12,700കോടിയും ഭൂമി ഏറ്റെടുക്കാനാണ്. 13,000 കോടി പൊതുമരാമത്ത് വകുപ്പിന്. ബാക്കിയാണ് മറ്റ് വകുപ്പുകൾക്ക്. എല്ലാവകുപ്പുകൾക്കും പദ്ധതികൾ നൽകിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ 1,076കോടി നൽകി. 9,000കോടിയുടെ പണികൾ നടക്കുന്നു.ബാക്കി വിവിധ ഘട്ടങ്ങളിലാണ്. ആകെ 512പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
അടുത്ത സാമ്പത്തികവർഷം 10,000കോടിയെങ്കിലും വിതരണം ചെയ്യേണ്ടിവരും. ഇതിനായി സിംഗപ്പൂർ, ലണ്ടൻ തുടങ്ങിയ ഒാഹരിവിപണികളിൽ നിന്ന് മസാലബോണ്ടുകൾ വഴി 2,000 കോടി തരപ്പെടുത്തി. ബാക്കി തുക വായ്പയെടുക്കും. തിരിച്ചടവ് മൂന്ന് വർഷത്തിന് ശേഷം മതി. അത്യാവശ്യ ചെലവുകൾക്ക് പ്രവാസി ചിട്ടിയിൽ നിന്ന് പണം ഉപയോഗിക്കാം. പ്രവാസി ചിട്ടിയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനമില്ലെന്ന ആക്ഷേപം മന്ത്രി തള്ളി. പ്രവാസിചിട്ടി പൂർണ്ണമായും ഒാൺലൈനാണ്. അത് സാവകാശത്തിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇൗ വർഷം അവസാനത്തോടെ പ്രവാസിചിട്ടിയിൽ നിന്ന് കാൽ ലക്ഷം കോടി രൂപ വരെ കിട്ടുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ഇന്നലെ അനുവദിച്ച പദ്ധതികൾ
പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ
ആലപ്പുഴയിലെ മൊബിലിറ്റി ഹബ്ബ്
തൃശൂർ മൃഗശാല മാറ്റി പുത്തൂരിൽ സുവോളജിക്കൽ പാർക്ക്
കാസർകോട്, കൊല്ലം, പാലക്കാട് സാംസ്‌കാരിക നിലയങ്ങൾ
കെ. എസ്. എഫി. ഡി.സിക്ക് അഞ്ച് തിയേറ്ററുകൾ
കോളേജ് കെട്ടിടങ്ങൾ നിർമ്മിക്കാനും പണം അനുവദിച്ചിട്ടുണ്ട്.