mahaguru

തിരുവനന്തപുരം: മനസും വചസും കർമ്മവും കൊണ്ട് ഭാരത നവോത്ഥാന ചക്രവാളത്തെ പ്രകാശപൂർണമാക്കിയ വിശ്വമഹാഗുരുവിന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള അവതാര മുഹൂർത്തങ്ങളും ചരിത്രസംഭവങ്ങളും ഉൾപ്പെടുത്തി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു" മെഗാ പരമ്പരയുടെ പ്രിമിയർ ട്രെയിലർ പ്രദർശനം തിങ്കളാഴ്ച (21ന്) രാവിലെ 9ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും.

മഹാഗുരുവിന്റെ പ്രചാരണാർത്ഥം കേരളമൊട്ടാകെ നടത്തുന്ന റോഡ് ഷോയുടെ ഫ്ളാഗ് ഓഫും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് 30 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ പ്രദർശിപ്പിക്കും. വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളും കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവിയും സംബന്ധിക്കും. പാറശ്ശാലയിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ അരുവിപ്പുറം,​ ചെമ്പഴന്തി ഗുരുകുലം, ​ശിവഗിരി, ​ആലുവ അദ്വൈതാശ്രമം തുടങ്ങി ഗുരുദേവനുമായി ബന്ധപ്പെട്ട പുണ്യകേന്ദ്രങ്ങളിലൂടെ കടന്ന് കാസർകോട്ട് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ മഹാഗുരു ട്രെയിലർ പ്രദർശനവും ഉണ്ടായിരിക്കും.

ഗുരുദേവന്റെ ജനനം, ബാല്യം, കൗമാരം, വാരണപ്പള്ളിയിലെ വിദ്യാഭ്യാസം, വിവാഹം, മരുത്വാമലയിലെ തപസ്, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ, മറ്റ് ക്ഷേത്ര പ്രതിഷ്ഠകൾ എന്നിവ പരമ്പരയിലുണ്ട്. സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, തൈക്കാട് അയ്യാഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി, ഡോ. പല്പു, മഹാകവി കുമാരനാശാൻ, വെളുത്തേരി, പെരുന്നല്ലി, മൂലൂർ, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, സി.വി. കുഞ്ഞുരാമൻ, ശിവലിംഗദാസ സ്വാമി, ഭൈരവൻ ശാന്തി തുടങ്ങിയവർ കഥാപാത്രങ്ങളായി വരുന്നുണ്ട്. ഗുരുവുമായി ബന്ധപ്പെട്ട എണ്ണമറ്റ അദ്ഭുത കഥകൾ, നർമ്മ കഥകൾ, കാരുണ്യ കഥകൾ എന്നിവയും നൂറ് എപ്പിസോഡുകളുള്ള പരമ്പരയിലുണ്ടാകും.

കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയാണ് നിർമ്മാണച്ചുമതല വഹിക്കുന്നത്. കവിയും കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്ററുമായ മഞ്ചു വെള്ളായണി രചനയും കൗമുദി ടിവി പ്രോഗ്രാംസ് ചീഫ് ഡോ. മഹേഷ് കിടങ്ങിൽ സംവിധാനവും നിർവഹിക്കുന്നു.