pol

തിരുവനന്തപുരം:പൊലീസ് മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിച്ച മുൻഉത്തരവ് സുപ്രീംകോടതി ശരിവച്ചതോടെ പൊലീസ് മേധാവിക്കസേരയിലേക്ക് ഭാവിയിൽ കേന്ദ്രസർക്കാരിന് താത്പര്യമുള്ളവർ എത്തുമെന്നായി.

പൊലീസ് മേധാവി വിരമിക്കുന്നതിന് മൂന്നുമാസം മുൻപ് ഡി.ജി.പിമാരുടെ പട്ടിക സംസ്ഥാനസർക്കാർ യു.പി.എസ്.സിക്ക് കൈമാറണം. യു.പി.എസ്.സി അംഗീകരിച്ചു നൽകുന്ന മൂന്നംഗ പാനലിൽ നിന്നാവണം നിയമനം എന്നാണ് കോടതി ഉത്തരവ്.

ഡി.ജി.പി റാങ്കുള്ള എത്രപേരെ വേണമെങ്കിലും സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താം. ഇവരുടെ സേവനം, കേസുകളുടെ വിവരങ്ങൾ, പ്രവർത്തനമികവ്, വാർഷിക രഹസ്യ റിപ്പോർട്ടുകൾ, ഇന്റലിജൻസ് ബ്യൂറോയുടെ ശുപാർശ എന്നിവ പരിഗണിച്ചാവും യു.പി.എസ്.സി അന്തിമപാനൽ തയ്യാറാക്കുക.

സംസ്ഥാനം നൽകുന്ന പാനലിലുള്ളവരെക്കുറിച്ച് യു. പി. എസ്. സി, സി. ബി. ഐയുടെയും ഐ. ബിയുടെയും ക്ലിയറൻസ് തേടും. ഇവ രണ്ടും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽ കേന്ദ്രത്തിന് താത്പര്യമുള്ളവർ മാത്രമേ അന്തിമപട്ടികയിലുണ്ടാവൂ എന്ന് ആക്ഷേപമുണ്ട്. അന്തിമ പാനലുണ്ടാക്കാൻ യു.പി.എസ്.സിക്ക് മാർഗ്ഗനിർദ്ദേശമൊന്നും കോടതി നൽകിയിട്ടുമില്ല.

സേനയെ നയിക്കാനുള്ള കഴിവ്, കാര്യപ്രാപ്‌തി, സേവന ചരിത്രം, തൊഴിൽപരമായ അറിവ്, അനുഭവസമ്പത്ത് എന്നിവയെല്ലാം പരിഗണിച്ചാവണം പൊലീസ് മേധാവി നിയമനമെന്ന് 2011ൽ നിയമസഭ പാസാക്കിയ നിയമത്തിലുള്ളതിനാൽ പ്രകാശ് സിംഗ് കേസിലെ ഭേദഗതി കേരളത്തിന് ബാധകമാവില്ലെന്ന സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളിയിട്ടുണ്ട്. പൊലീസ് മേധാവിക്ക് രണ്ടുവർഷം മിനിമം കാലാവധി ഉറപ്പാക്കണമെന്നും വിരമിക്കാറായവരെ നിയമിക്കരുതെന്നും ഉത്തരവ് മറികടക്കാൻ ആക്ടിംഗ് ഡി.ജി.പിമാരെ നിയമിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.

കേരളത്തിൽ ഇങ്ങനെ:

ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് 2021ജൂൺ വരെ കാലാവധിയുള്ളതിനാൽ പ്രശ്‌നമില്ല.

ജേക്കബ് തോമസിന് 2020മേയ് വരെ സർവീസുണ്ടെങ്കിലും സസ്പെൻഷനിലായതിനാൽ ഉത്തരവ് ബാധകമല്ല.

 2021ജൂലായ് വരെ സർവീസുള്ള ഋഷിരാജ്സിംഗിനും 2023മേയ് വരെ കാലാവധിയുള്ള അരുൺകുമാർ സിൻഹയ്ക്കും ബി.സന്ധ്യയ്ക്കും ബെഹ്റ വിരമിച്ചശേഷം രണ്ടുവർഷം ബാക്കിയില്ലാത്തതിനാൽ ഡി.ജി.പി കസേര കിട്ടില്ല.

2023 ജൂലായ് വരെ കാലാവധിയുള്ള ടോമിൻതച്ചങ്കരിക്ക് സാദ്ധ്യതയുണ്ടെങ്കിലും കേസുകൾ തീർത്തില്ലെങ്കിൽ കുരുക്കായേക്കാം.

''സർക്കാരിന്റെ അധികാരം നഷ്ടപ്പെടുന്നില്ല. യു.പി.എസ്.സിയിൽ അന്തിമപാനലുണ്ടാക്കാനുള്ള സമിതിയിൽ നിലവിലെ പൊലീസ് മേധാവിയുണ്ടാവും. സംസ്ഥാനത്തിന്റെ താത്പര്യം അറിയിക്കാനാവും.''

എം.വി.ജയരാജൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി