തിരുവനന്തപുരം : ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകി.സാമൂഹ്യ സുരക്ഷാമിഷൻ, സാമൂഹിക നീതി വകുപ്പ്, കെ.ഡി.ഐ.എസ്.സി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 15 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള 100 ഭിന്നശേഷിക്കാരെ കണ്ടെത്തി അവർക്ക് കൂടുതൽ അനുകൂലമായ സാഹചര്യങ്ങളും ആവശ്യമായ സഹായ സംവിധാനങ്ങളും ലഭ്യമാക്കി, സ്വയംപര്യാപ്തരാക്കുക എന്നതാണ് പദ്ധതി.
തിരഞ്ഞെടുക്കപ്പെട്ടവർക്കായി നിഷിൽ 6 ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഇതിൽ നിന്ന് 20 പേരെ ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റി എന്ന പരിപാടിയിൽ പങ്കെടുപ്പിക്കും. ബാക്കി വരുന്ന 80 ഓളം പേർക്ക് തുടർ വൈദഗ്ദ്ധ്യ പരിശീലനവും മാർഗനിർദ്ദേശവും നൽകും.അപേക്ഷകൻ നേരിട്ടോ, അപേക്ഷകന് വേണ്ടി രക്ഷിതാക്കൾ, ലീഗൽ ഗാർഡിയൻസ്, അദ്ധ്യാപകർ, കെയർടേക്കർമാർ തുടങ്ങിയവർക്കോ അപേക്ഷ സമർപ്പിക്കാം. സാമൂഹ്യ സുരക്ഷാമിഷൻ, സാമൂഹ്യനീതി വകുപ്പ്, കെഡി.ഐ.എസ്.സി., നിഷ്, എന്നീ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റുകൾ വഴി ഓൺലൈനായി 31നകം അപേക്ഷിക്കണം. ഫോൺ : 1800 120 1001. വെബ്സൈറ്റ്:www.socialsecuritymission.gov.in