കല്ലമ്പലം: ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അനധികൃത അറവുശാലകൾ പെരുകുന്നതായി പരാതി. നാവായിക്കുളം, കരവാരം, ഒറ്റൂർ, മണമ്പൂർ, പള്ളിക്കൽ, മടവൂർ തുടങ്ങിയ പഞ്ചായത്തുകളിലായി നിരവധി അനധികൃത അറവു ശാലകൾ പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്. വെറ്ററിനറി ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ആടുമാടുകളെ മാത്രമേ അറുക്കാനും, വിൽക്കാനും പാടുള്ളൂ എന്ന വ്യവസ്ഥ ഇത്തരം അറവുശാലകൾ ലംഘിക്കുന്നതായാണ് ആരോപണം. കൂടുതലും അറവുശാലകളും പ്രവർത്തിക്കുന്നത് ഞായാറാഴ്ചകളിൽ മാത്രമാണെന്നും ജനവാസകേന്ദ്രങ്ങൾക്ക് സമീപം ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും പരാതി നൽകിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നും പരാതിക്കാർ പറയുന്നു. മിക്ക പഞ്ചായത്തുകളിലും അംഗീകൃത അറവുശാലകൾ പ്രവർത്തനസജ്ജമായിട്ടില്ല. നാവായിക്കുളം പഞ്ചായത്തിൽ അറവുശാലയ്ക്കുവേണ്ടി കഴിഞ്ഞ ഭരണസമിതി പദ്ധതി നടപ്പാക്കിയെങ്കിലും പ്രാവർത്തികമായില്ല. ചില പ്രദേശങ്ങളിൽ അറവുശാലകളിലെ മാലിന്യം കവറിനുള്ളിലാക്കി തള്ളുന്നതായും പ്രദേശവാസികൾ പറയുന്നു.