mani

തിരുവനന്തപുരം: ബാർകോഴക്കേസ് തുടർന്നും അന്വേഷിക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചതോടെ കേസ് അന്വേഷണത്തിന് വീണ്ടും കളമൊരുങ്ങുന്നു. കേസിൽ മാണിക്ക് മൂന്നുവട്ടം ക്ലീൻചിറ്റ് നൽകിയ വിജിലൻസ്, കരണംമറിഞ്ഞതിനു പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.

മാണിക്ക് അനുകൂലമാകുന്ന ഒത്തുതീർപ്പിന് വഴങ്ങാത്തതിനാൽ പുറത്തായ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.പി.സതീശൻ, പരാതിക്കാരനായ ബിജുരമേശിന്റെ വക്കാലത്തെടുത്തതോടെ കളിമാറി.
മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ സതീശൻ ഗവർണറുടെ അനുമതി തേടുകയും വിജിലൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. മാണിയുടെയും വി.എസ്.അച്യുതാനന്ദന്റെയും ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നതിനാൽ തത്കാലം പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ലെന്നായിരുന്നു ഗവർണർ പി.സദാശിവത്തിന്റെ മറുപടി. അതിനാൽ നിയമാനുസൃതമായ കൂടുതൽ സമ്മർദ്ദമുണ്ടായാൽ ഗവർണർ അനുമതി നൽകിയേക്കുമെന്ന ഭയം വിജിലൻസിനുണ്ടായി.

പ്രഥമദൃഷ്‌ട്യാ ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന അഴിമതിക്കേസുകളിൽ അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതിവേണ്ടെന്ന് സി.ബി.ഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന പ്രതിയായ കൈക്കൂലിക്കേസിൽ ഡൽഹി ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിനൊപ്പം സമാനമായ 7ഉത്തരവുകൾ കൂടി സതീശൻ ഹൈക്കോടതിമുമ്പാകെ നിരത്തിയതോടെ വിജിലൻസിന് ഉത്തരംമുട്ടി.

കോടതികൾ തെളിവായി അംഗീകരിക്കാത്ത മൊബൈൽടവർ ലൊക്കേഷൻ വിവരങ്ങളുദ്ധരിച്ച്, വസ്‌തുതാവിവര റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിഴുങ്ങിയാണ് കോഴയിടപാട് നടന്നിട്ടില്ലെന്ന് വിജിലൻസ് ക്ലീൻചിറ്റെഴുതിയത്. ദൃക്സാക്ഷിമൊഴികളും നുണപരിശോധനാ റിപ്പോർട്ടുമെല്ലാം അവഗണിച്ചുള്ള ഒത്തുകളി വിജിലൻസ് കോടതി അക്കമിട്ടുനിരത്തിയതോടെ അന്വേഷണസംഘത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഹൈക്കോടതിയും വിമർശിച്ചാലുള്ള വൻനാണക്കേടും വിജിലൻസ് മണത്തു.

''മാണിക്ക് പണംനൽകിയെന്നതടക്കം 15സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും വിജിലൻസ് അവഗണിച്ചു. ഇപ്പോഴുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പോലും മാണിക്ക് രക്ഷപെടാനാവില്ല.''

കെ.പി.സതീശൻ
മുൻ പ്രോസിക്യൂട്ടർ

''മാണിക്കെതിരായ ആരോപണങ്ങൾ വിജിലൻസിന് അന്വേഷിക്കാതെ പറ്റില്ല. അന്വേഷണത്തിന് സർക്കാരിന്റെ അനുമതിയുണ്ട്. ''

-മുഖ്യമന്ത്രിയുടെ ഓഫീസ്