പാലോട് : 56-ാമത് കാർഷിക കലാ-സാംസ്‌കാരിക മേളയുടെയും കന്നുകാലിച്ചന്തയുടെയും വിളംബരമറിയിച്ച് കായിക മത്സരങ്ങൾ 20 ന് ആരംഭിക്കും. ജോസുകുട്ടി മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള സെവന്റ്സ് ഫുട്‌ബാൾ ടൂർണമെന്റ് ഞായറാഴ്ച രാവിലെ 10 ന് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രനും, ക്രിക്കറ്റ് ടൂർണമെന്റ് 27ന് പാലോട് എസ്.ഐ അഷ്‌റഫും ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി മികച്ച കർഷകർക്ക് ഏർപ്പെടുത്തിയിട്ടുള്ള മലയോര കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, വിതുര പഞ്ചായത്തുകളിലെ കർഷകർക്ക് അവാർഡിന് അപേക്ഷിക്കാമെന്ന് മേള ജനറൽ സെക്രട്ടറി വി.എസ്.പ്രമോദ് അറിയിച്ചു.10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. മേള കമ്മിറ്റിയുടെ പ്രത്യേക ജ്യൂറി അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കും. അവാർഡിനുള്ള അപേക്ഷകൾ ഫെബ്രുവരി ഒന്നിനു മുമ്പ് ജനറൽ സെക്രട്ടറി, പാലോട് മേള- 2019, പാലോട്, പച്ച പി.ഒ, 695562 (പിൻകോഡ്) എന്ന വിലാസത്തിൽ തപാലിലോ, പാലോട് ജംഗ്‌ഷനിലെ മേള കമ്മിറ്റി ഓഫീസിൽ നേരിട്ടോ എത്തിക്കണം. മേളയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം മുകേഷ് എം.എൽ.എ നിർവഹിച്ചു. ഭാരവാഹികളായ എ.എം. അൻസാരി, പി.രജി, ബിനോജ്, അംബു നായർ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 7 മുതൽ 16 വരെയാണ് മേളയും വിനോദസഞ്ചാര വാരാഘോഷവും സംഘടിപ്പിച്ചിട്ടുള്ളത്.