നെയ്യാറ്റിൻകര : മണ്ണ് ഖനനം കാരണം നെയ്യാറിന്റെ കരയിൽ നശിക്കുന്നത് ഒരു പ്രദേശമാണ്. നെയ്യാറിന്റെ ഇരു വശത്തുമുള്ള ഹെക്ടർ കണക്കിന് ഭൂമിയാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഖനനം നടത്തുന്നത്. സ്ഥലവാസികളുടെ വീടിനും കൃഷിയിടങ്ങൾക്കും ഭീഷണിയായിട്ടും നടപടികളുണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. നെയ്യാറ്റിൻകര നഗരസഭയിൽ ഇരുമ്പിൻകൊല്ലവംവിളയ്ക്ക് സമീപം പഴവിള ഭൂപ്രദേശത്തെ ഭൂമിയിൽ ഭൂരിഭാഗവും നാശത്തിന്റെ വക്കിലാണ്. സ്ഥിരമായി ഉടമസ്ഥർ എത്താത്ത ഭൂമിയുടെ വശങ്ങൾ ഇടിച്ച് മണ്ണ് കടത്തുകയാണ് പതിവ്. മറ്റ്സ്ഥലങ്ങൾ കുഴിച്ചതോടെ ഉടമസ്ഥരുള്ള ഭൂമിയുടെ വശങ്ങൾ ഇടിഞ്ഞിറങ്ങും. രാത്രിയായാൽ ഇവിടവും മണൽ മാഫിയയുടെ കൈയിലാകും. നേരത്തെ ഖനനം നടത്തുന്ന മണ്ണ് നെയ്യാറിൽ എത്തിച്ച് കഴുകി ചരലാക്കി മാറ്റുമായിരുന്നു. എന്നാൽ നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ മണ്ണ് സഹിതം ഇവിടെനിന്നും കടത്തുകയാണ് ചെയ്യുന്നത്.
സമീപത്തെ ഭൂമി ഇടിച്ച് ഖനനം നടത്തിയതോടെ മറ്റ് പ്രദേശവാസികളിൽ പലരും സ്വന്തം വീടും സ്ഥലവും വിറ്റ് മറ്റ് നാടുകളിലേക്ക് ചേക്കേറി. ഇത് മൺഖനന മാഫിയയ്ക്ക് ഉപകാരപ്രദമായി. തികച്ചും കാർഷികമേഖലയായ ഈ പ്രദേശത്ത് ആൾക്കാർക്ക് നടന്നുപോകാനുള്ള സ്ഥലം പോലും ഇപ്പോഴില്ല. ഈ വഴിയും കൈയേറ്റക്കാർ കുഴിച്ചു. കർഷകർക്ക് സ്വന്തം കൃഷിസ്ഥലത്തേക്ക് പോകാനോ അവിടേക്ക് സാധനങ്ങൾ എത്തിക്കാനോ കഴിയാത്ത അവസ്ഥ. മിച്ചമുള്ള ഭൂമിയും വിറ്റ് സ്ഥലംവിടുകയാണ് നാട്ടുകാർ. പ്രദേശം ഇടിഞ്ഞ് താഴാൻ തുടങ്ങിയതോടെ വൈദ്യുത പോസ്റ്റും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
നിയന്ത്രണങ്ങളില്ലാതെ ഇത്തരത്തിൽ മണ്ണെടുപ്പ് തുടർന്നാൽ ചെറിയ മഴയിൽ പോലും നെയ്യാർ കരകവിഞ്ഞൊഴുകി കൊല്ലവംവിളയാകെ വെള്ളത്തിൽ മുങ്ങും. ഇത് സ്ഥലവാസികൾക്ക് വെല്ലുവിളിയാകുന്നുണ്ട്. അഞ്ച് വർഷം മുൻപാണ് കൊല്ലവംവിളയിൽ ചുഴലിക്കാറ്റിൽ മരങ്ങളാകെ കടപുഴകി വീടുകൾക്ക്‌മേൽ പതിച്ചത്. പ്രകൃതി നൽകിയ ഈ ദുരന്തം ഇതുവരെ അതിജീവിക്കാനാകാത്ത നാട്ടുകാർ ഭൂമി അപ്പാടെ ഇടിഞ്ഞ് നെയ്യാറിലേക്ക് ചേരുന്ന മറ്റൊരു ദുരന്തത്തിന് സാക്ഷിയാകേണ്ട അവസ്ഥയിലാണ്.
പത്ത് അടിയിൽ കൂടുതൽ ഭൂമി കുഴിക്കണമെങ്കിൽ മൈനിംഗ് ആൻഡ് ജീയോളജി വകുപ്പിന്റെയും വില്ലേജ് ഓഫീസറുടെയും അനുമതി വേണം. പ്രത്യേകിച്ച് നെയ്യാർ നദിക്കരയിൽ മണ്ണ് വാരുന്നത് നിയന്ത്രണങ്ങൾക്ക് വിധേയമായി കോടതി നിരോധിച്ചിട്ടുമുണ്ട്.