ആറ്റിങ്ങൽ: ആറ്റിങ്ങലിലെ നാലുവരിപ്പാത പദ്ധതിക്കായി പുറമ്പോക്ക് ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നോട്ടീസ് നൽകൽ നടപടി പൂർത്തിയായി. അടുത്തയാഴ്ച പരാതി കേൾക്കലും തുടർ നടപടികളും ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. പദ്ധതിക്കായി ഇടിച്ചുമാറ്റിയ സർക്കാർ ഓഫീസുകളുടെ മതിലുകളുടെ പുനർനിർമ്മാണ നടപടികൾ പുരോഗമിക്കുകയാണ്. ആറ്റിങ്ങൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതാണ് പദ്ധതി. ഈ പ്രദേശത്തെ പുറമ്പോക്ക് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചപ്പോൾ ചിലർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിറുത്തിവച്ചു. പരാതിക്കാർക്ക് നോട്ടീസ് നൽകി പരാതി കേൾക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പുറമ്പോക്ക് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നവർക്കെല്ലാം നോട്ടീസ് നൽകുന്ന നടപടികൾ ആരംഭിച്ചത്.
റോഡ് പുറമ്പോക്കിന്റെ യഥാർത്ഥരൂപം ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ നോട്ടീസ് നൽകിയിട്ടുള്ളത്. നടപടികൾ പൂർത്തിയായാലുടൻ മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കാനാണ് നീക്കം. പുറമ്പോക്ക് കൈയേറി വലിയകെട്ടിടങ്ങൾ പോലും നിർമ്മിച്ചിട്ടുണ്ട്. ഇവയെല്ലാം പൊളിച്ചുമാറ്റുകയും പദ്ധതിക്കായി പുറമ്പോക്ക് പൂർണമായി ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ നിയമ തടസങ്ങൾ ഇക്കാര്യത്തിലുണ്ടാവില്ലെന്നും ചെയർമാൻ പറഞ്ഞു.
മിനി സിവിൽസ്റ്റേഷൻ, മുനിസിപ്പൽ ഓഫീസ് എന്നിവയ്ക്കായുള്ള ഭൂമി പദ്ധതിക്കായി വിട്ടുകൊടുത്തിരുന്നു. ഭൂമി ഏറ്റെടുത്തപ്പോൾ പൊളിച്ചുമാറ്റിയ മതിലുകൾ പുനർനിർമ്മിക്കുന്ന നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനനിർമ്മാണം പൂർത്തിയായി. മുകളിലേക്കുള്ള മതിലിന്റെ മാതൃക സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഒന്നാംഘട്ട ചർച്ച നടന്നു. കൂടുതൽ മാതൃകകൾ പരിശോധിച്ചശേഷം കാലോചിതവും ഈടു നിൽക്കുന്നതുമായ മാതൃക അംഗീകരിക്കാനാണ് തീരുമാനം. നടപടികൾ ഊർജ്ജിതമാക്കി റോഡ് നിർമ്മാണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.