muslim-league

തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളെ സമത്വത്തിൽ എത്തിക്കാൻ വിഭാവനം ചെയ്ത സംവരണത്തെ അട്ടിമറിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കെ.എ.എസിലെ സംവരണ അട്ടിമറിക്കെതിരെയും കേന്ദ്ര സർക്കാരിന്റെ സംവരണ വിരുദ്ധ നയത്തിനെതിരെയും മുസ്‌ലിം ലീഗ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണത്തിലൂടെ കേന്ദ്രസർക്കാർ അതിന് തുനിയുമ്പോൾ കെ.എ.എസിലെ സംവരണവിരുദ്ധ നിലപാടിലൂടെയാണ് സംസ്ഥാന സർക്കാർ അതിന് ശ്രമിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അദ്ധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ്, നീലലോഹിതദാസൻ നാടാർ, പുന്നല ശ്രീകുമാർ, ആലുവിള അജിത്, അഡ്വ. വി. ദിനകരൻ, വി.ആർ. ജോഷി, എം.എൽ.എമാരായ എം.കെ. മുനീർ, എൻ. ശംസുദ്ദീൻ, മമ്മൂട്ടി, എം. ഉമ്മർ, കെ.എം. ഷാജി, പി.കെ. അബ്ദുറബ്ബ്, പി.കെ. ബഷീർ ഉബൈദുല്ല, പി. അബ്ദുൾ ഹമീദ്, ടി.വി. ഇബ്രാഹീം, പാറക്കൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു. കെ.എ.എസിലെ മുഴുവൻ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിവേദക സംഘത്തിന് ഉറപ്പു നൽകിയതായി മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.