udf

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പ് ഉന്നംവച്ച് എൽ.ഡി.എഫിന് പിന്നാലെ യു.ഡി.എഫും വികസിപ്പിക്കാനൊരുങ്ങുന്നു. എം.പി. വീരേന്ദ്രകുമാറിനൊപ്പം ഇടതുമുന്നണിയിലേക്ക് പോകാതിരുന്ന ജനതാദൾ സെക്കുലർ വിഭാഗത്തെ യു.ഡി.എഫ് യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവാക്കാൻ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. അഞ്ച് കക്ഷികൾ യു.ഡി.എഫിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ ബെന്നിബഹനാനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാമരാജ് കോൺഗ്രസ്, ഐ.എൻ.എല്ലിൽ നിന്ന് തെറ്രിപ്പിരിഞ്ഞ വിഭാഗം, എസ്.ആർ.പി, ജെ.എസ്.എസ് (രാജൻബാബു വിഭാഗം), സി.കെ.ജാനുവിഭാഗം എന്നിവയാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇവരുമായി ചർച്ചനടത്തി ധാരണയുണ്ടാക്കാൻ ബെന്നിബഹനാൻ കൺവീനറും എം.കെ.മുനീർ, എൻ.കെ.പ്രേമചന്ദ്രൻ, ജോയ് എബ്രാഹം, ജോണി നെല്ലൂർ എന്നിവർ അംഗങ്ങളുമായ സമിതിയെ ചുമതലപ്പെടുത്തി. കോൺഗ്രസുമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പി.സി.ജോർജും കത്തു നൽകിയിട്ടുണ്ട്. ഇക്കാര്യം ചർച്ചചെയ്ത് തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും ചെന്നിത്തല പറഞ്ഞു. എം.കെ.മുനീർ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കളക്ടറേറ്റ് ഉപരോധം

സംസ്ഥാനത്തെ ക്രമസമാധാന തകർച്ച, ശബരിമല വിഷയം, പ്രളയാനന്തര പ്രവർത്തനങ്ങളിലെ വീഴ്ച എന്നിവയുന്നയിച്ച് ജനുവരി 23 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും, മറ്റു ജില്ലകളിൽ കളക്ടറേറ്റും യു.ഡി.എഫ് ഉപരോധിക്കും. കോട്ടയം ജില്ലയിൽ 22ന് ആയിരിക്കും ഉപരോധസമരം.

കേരളത്തിൽ വന്ന് വലിയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദി ശബരിമല പ്രശ്നത്തിൽ നിയമനിർമ്മാണം നടത്താൻ തയ്യാറാവണമെന്ന്‌ ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ തന്ത്രം ഇവിടെ ക്ളച്ചുപിടിക്കില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു.