വർക്കല: വർക്കല ടൗണിൽ ക്ഷേത്രം റോഡിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. പഴയ ട്രഷറി ഓഫീസിന്റെ മുന്നിൽ മുണ്ടയിൽ റോഡ് ക്ഷേത്രം റോഡിൽ സംഗമിക്കുന്നിടത്താണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. ചുറ്റിലും സുരക്ഷാവേലി ഉണ്ടെങ്കിലും ഇതിന്റെ പല ഭാഗങ്ങളും ദ്രവിച്ചതാണ്. മുണ്ടയിൽ ഇടറോഡിൽ നിന്നും വരുന്ന വാഹനങ്ങളും ക്ഷേത്രം റോഡിൽ നിന്നും മുണ്ടയിലേക്ക് തിരിയുന്ന വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ബൈക്ക് യാത്രികരാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. ഈ ഭാഗത്തെ റോഡ് പുറമ്പോക്കിൽ ധാരാളം സ്ഥലം ഉണ്ടായിട്ടും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. അപകടഭീഷണി ഉയർത്തിയും റോഡ്ഗതാഗതത്തിന് തടസമായും നിൽക്കുന്ന ട്രാൻസ്ഫോർമർ സമീപത്ത് തന്നെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.