ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് കീഴിൽ ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ഗുരുസാഗരം ശാഖ ഗുരുക്ഷേത്രവും പ്രാർത്ഥനാ ഹാളുമടക്കം പുതുതായി ശാഖാമന്ദിരം നിർമ്മിക്കുന്നു. ശാഖാ പ്രസിഡന്റ് ബി. സുരേന്ദ്രൻ ശാഖയ്‌ക്ക് സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് ആശ്രമാന്തരീക്ഷം നിലനിറുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് മന്ദിരം നിർമ്മിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന മന്ദിരത്തിൽ ഗുരുദേവ ചരിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ ലൈബ്രറി, ധ്യാന മണ്ഡപം, ഓഫീസ് മുറി എന്നിവയുണ്ടാകും. മന്ദിര നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈദ്യന്റെമുക്കിനു സമീപം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഗുരുവിശ്വാസികൾ, ശാഖായോഗം ഭാരവാഹികൾ, എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ, വനിതാസംഘം മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ ഉദ്ഘാടനം ചെയ്‌തു. സ്വന്തമായി സ്ഥലമുള്ള ശാഖകൾക്ക് യൂണിയൻ നടപ്പാക്കിവരുന്ന മന്ദിര നിർമ്മാണ സഹായധനം ഗുരുസാഗരം ശാഖയ്ക്ക് അനുവദിക്കുമെന്നും മന്ദിരം പൂർത്തിയാകുന്നതിനനുസരിച്ച് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും വിഷ്ണുഭക്തൻ ഉറപ്പുനൽകി. ശാഖാ പ്രസിഡന്റ് ബി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, കൗൺസിലർ സി. കൃത്തിദാസ്, ശാഖാ സെക്രട്ടറി എസ്. സുനിലാൽ, വൈസ് പ്രസിഡന്റ് തുളസീഭായി, എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി. രാജേന്ദ്രൻ, ശാഖാ ഭരണസമിതി അംഗങ്ങളായ മോഹൻദാസ്, ഗിരീശൻ, വിജി, അനിൽകുമാർ, ഗീത സരസൻ, ബി. ബാലൻ, ജയ, സുനിത, ഭാസി എന്നിവർ സംസാരിച്ചു. വാമനപുരം നദിക്കരയോട് ചേർന്നുള്ള മന്ദിര സമുച്ചയ നിർമ്മാണത്തിൽ എല്ലാവരും സഹായിക്കണമെന്ന് ശാഖാ സെക്രട്ടറിയും മന്ദിര നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനറുമായ എസ്. സുനിലാൽ അറിയിച്ചു. ഫോൺ: 9995531993