പൂവാർ: പൂവാറിലെ ബോട്ട് ക്ലബുകൾ ടൂറിസ്റ്റുകളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നുവെന്നാരോപിച്ച് വിവിധ ബോട്ട് യൂണിനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട ബോട്ടുകൾ കായലിന്റെ ഇരുകരയിലും നിരത്തിയിട്ടു. ഇവിടെ സവാരി നടത്തുന്നതിന് മണിക്കൂറിന് 600 രൂപയാണ് അംഗീകൃത നിരക്ക്. എന്നാൽ ഇടനിലക്കാർ വഴി ബോട്ട് ക്ലബുകളിലെത്തുന്ന ടൂറിസ്റ്റുകളിൽ നിന്ന് 2500 - 3000 രൂപയോളം വാങ്ങുന്നത് പതിവാണെന്നാണ് ആരോപണം. ഇത് മുഴുവൻ ബോട്ടുടമകളും പിടിച്ചുപറിക്കാരാണെന്ന ധാരണയുണ്ടാക്കുകയാണെന്നും ഇത് അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂണിയൻ വക്താക്കൾ പറഞ്ഞു. പൂവാർ പൊലീസ് ഇടപെട്ട് സമരം അവസാനിപ്പിക്കുകയും ഇരു വിഭാഗത്തെയും ചർച്ചയ്ക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൂവാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 319 ബോട്ടുകളിൽ 80 ഓളം ബോട്ടുകൾ കാലപ്പഴക്കം ചെന്നവയാണ്. 230 ബോട്ടുകൾക്കാണ് ക്ലിയറൻസ് ലഭിച്ചിട്ടുള്ളത്. നാട്ടുകാരുടേതായി 131 ഓളം ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പൂവാർ എസ്.ഐ ബിനു ആന്റണിയുടെ നേതൃത്വത്തിൽ അനധികൃതവും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുമായ ബോട്ടുകളെ കസ്റ്റഡിയിൽ എടുത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇടനിലക്കാരുടെ കാര്യത്തിൽ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല.