തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ കളമൊരുക്കാൻ എൽ.ഡി.എഫ് രണ്ട് ജാഥകൾക്ക് രൂപം നൽകുന്നു. പുതുതായെത്തിയ ഘടകകക്ഷികളെ ഉൾപ്പെടുത്തി ജില്ലാ, നിയോജകമണ്ഡലം, ബൂത്ത് കമ്മിറ്റികൾ വിപുലീകരിക്കാനും തീരുമാനിച്ചു. നാല് കക്ഷികളെ ഉൾപ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യ യോഗമായിരുന്നു ഇന്നലെ. ഈ മാസം 25നുള്ളിൽ എൽ.ഡി.എഫ് ജില്ലാസമിതികൾ പുനഃസംഘടിപ്പിക്കും.
മാർച്ച് രണ്ടിന് തൃശൂരിൽ ബഹുജന റാലിയോടെയാവും തെക്കുനിന്നും വടക്കുനിന്നുമുള്ള രണ്ട് മേഖലാജാഥകൾ സമാപിക്കുക. തെക്കൻ മേഖലാജാഥ തിരുവനന്തപുരത്തു നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, വടക്കൻ ജാഥ കാസർകോട്ടു നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും. ഫെബ്രുവരി രണ്ടാം വാരം ജാഥകൾ ആരംഭിക്കും. ജനതാദൾ-എസിന്റെ സംസ്ഥാനറാലി ഈ ദിവസങ്ങളിലൊന്നിൽ നടക്കുന്നതിനാൽ കൃത്യമായ തീയതി പിന്നീട് തീരുമാനിക്കും.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ വികലനയങ്ങൾ തുറന്നുകാട്ടിയും യു.ഡി.എഫിന്റെ മൃദുഹിന്ദുത്വം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുമാകും ജാഥ. മോദി സർക്കാരിനെ പുറത്താക്കുകയെന്ന മുഖ്യദൗത്യത്തിന് പിന്തുണ നൽകുകയെന്ന കടമയാണ് എൽ.ഡി.എഫ് ഏറ്റെടുക്കാൻ പോകുന്നതെന്നും കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരേസമയം മൃദു ഹിന്ദുത്വ സമീപനം തുടരുകയും ബി.ജെ.പി സർക്കാരിന്റെ സാമ്പത്തികനയത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന കോൺഗ്രസ് കേരളത്തിൽ തോൽക്കേണ്ടത് ഏറ്റവും വലിയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് പങ്കെടുത്തില്ല
ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസിനെയും ഐ.എൻ.എല്ലിനെയും മുന്നണിയിലെടുത്തതിനോട് പരസ്യമായി വിയോജിപ്പറിയിച്ച വി.എസ്. അച്യുതാനന്ദൻ ഇന്നലെ എൽ.ഡി.എഫ് യോഗത്തിനെത്തിയില്ല. ഇവരടക്കമുള്ള കക്ഷികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കാൻ തീരുമാനിച്ച യോഗത്തിലും വി.എസ് പങ്കെടുത്തിരുന്നില്ല. വി.എസ് പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്നമുള്ളതിനാലാണെന്നും ആർ. ബാലകൃഷ്ണപിള്ള യോഗത്തിൽ പങ്കെടുത്തതുകൊണ്ടല്ലെന്നും വാർത്താസമ്മേളനത്തിൽ എ. വിജയരാഘവൻ പ്രതികരിച്ചു.
കാരാട്ട് റസാഖ് വിഷയം
കാരാട്ട് റസാഖിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയുള്ള കോടതിവിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. അയോഗ്യനാക്കപ്പെട്ട വേളയിൽ കെ.എം. ഷാജി രാജി വയ്ക്കണമെന്ന നിലപാടെടുത്തത് അദ്ദേഹം വർഗീയതയെ ഉപയോഗിച്ചതിനാലാണ്.