1

ട്രാവലർ കസ്റ്റഡിയിലെടുത്തു.

വിഴിഞ്ഞം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തിരയുന്ന തമിഴ്നാട് കുളച്ചൽ സ്വദേശി ശ്രീകാന്തൻ വിലയ്ക്ക് വാങ്ങിയ രണ്ട് വീടുകൾകൂടി കണ്ടെത്തി. മനുഷ്യക്കടത്തിന് ഉപയോഗിച്ചുവെന്നു കരുതുന്ന ടെമ്പോ ട്രാവലറും കസ്റ്റഡിയിലെടുത്തു.വെണ്ണിയൂർ പുന്നവിളയിൽ ശ്രീകാന്തൻ 15 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഷീറ്റ് മേഞ്ഞ ചെറിയ വീടാണ് ആദ്യം കണ്ടെത്തിയത്. ശ്രീകാന്തന്റെ ബന്ധു മണിവർണന്റെ വസ്ത്രങ്ങളും ഫർണിച്ചർ ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളും ഈ വീട്ടിലെ ഒരു മുറിയിൽ കുട്ടിയിട്ടിരിക്കുകയാണ്. വീടിന്റെ ആദ്യ ഉടമ തന്നെയാണ് ഇപ്പോൾ ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. മണിവർണനും ഒളിവിലാണ്. വെങ്ങാനൂർ രജിസ്റ്റർ ഓഫീസിനു സമീപത്തെ മറ്റൊരു വാടക വീടും കണ്ടെത്തി. ഇവിടെ ശ്രീകാന്തന്റെ ബന്ധുവാണ് നേരത്തെ താമസിച്ചിരുന്നത്.ഇവർക്ക് വീട് തരപ്പെടുത്തിക്കൊടുത്ത ഇടനിലക്കാരനെ കണ്ടെത്തിയാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. 7 ന് രാത്രി ശ്രീകാന്തന്റെ വെങ്ങാനൂർ പരുത്തിവിളയിലെ വീട്ടിൽ നിന്നും 20 ഓളം പേരെ കൊണ്ടുപോയ ടെമ്പോ ട്രാവലറും ഇതിന്റെ ഉടമയേയും ഡ്രൈവറേയും കിള്ളിപ്പാലത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനം കൊച്ചിയിലേക്ക് കൊണ്ടുപോയി. എറണാകുളത്തേക്കാണ് യാത്രയെന്നു പറഞ്ഞിരുന്നുവെങ്കിലും കൊടുങ്ങല്ലൂരിൽ ഇവരെ ഇറക്കിയെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. 20000 രൂപ വണ്ടി വാടകയായി നൽകി. പൊലീസിന്റെ കൈവശമുള്ള ഫോട്ടോകളും സിസിടിവി ദൃശ്യങ്ങളും കാണിച്ച് വണ്ടിയിൽ ഉള്ളവർ ആരൊക്കെയാണെന്ന് വ്യക്തത വരുത്തുന്നതിനാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.

കുന്നത്തൂർ എസ്.ഐ ദിലീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെയും പരിശോധന നടത്തിയത്. സംഘം കൊച്ചിയിലേക്ക് മടങ്ങി.അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കും.