കല്ലറ: വാമനപുരം ബ്ളോക്കിൽ തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി പേരിലൊതുങ്ങി. ഒരു വർഷം മുമ്പ് മേഖലയിൽ ചില സ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചുവിട്ടിരുന്നു. അന്ന് നായ ശല്യത്തിന് അൽപം ശമനമുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ ഇരട്ടിയായി. ത്രിതല പഞ്ചായത്തുകളും മൃഗസംരക്ഷണവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വന്ധ്യംകരണത്തിലുടെ പ്രജനന നിയന്ത്രണമായിരുന്നു ലക്ഷ്യം.
വാമനപുരം ബ്ളോക്കിൽ വാമനപുരും, നന്ദിയോട് തുടങ്ങിയ സ്ഥലങ്ങളിലെ മൃഗാശുപത്രി കളിലാണ് ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. സംഘടനകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നായ്ക്കളെ പിടികൂടി ശസ്ത്രക്രിയാകേന്ദ്രത്തിലെത്തിക്കുകയും ശസ്ത്ര ക്രിയയ്ക്കും തുടർപരിചരണത്തിനുശേഷം പിടിച്ചിടത്തുതന്നെ തിരികെ കൊണ്ടുവിടുകയുംചെയ്യണം. പ്രജനന നിയന്ത്രണ കേന്ദ്രത്തിൽ പ്രത്യേക ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റിവ് കേയർ, പോസ്റ്റ് ഓപ്പറേറ്റിവ് വാർഡ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കുശേഷം നായ്ക്കളെ നിശ്ചിത ദിവസം വാർഡിൽ പരിപാലിച്ച് ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം പ്രതിരോധ മരുന്നുകൾ നൽകിയയാണ് പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടുക. എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ അനാസ്ഥ കാട്ടുകയാണ് . ഇത് നാട്ടിൽ തെരുവുനായ ശല്യം വർദ്ധിയ്ക്കാൻ കാരണമായി.ചീറിയടുക്കുന്ന തെരുവ് നായ്ക്കളെപേടിച്ച് വീട്ടിന് പുറത്തിറങ്ങാനാവാത്ത പരുവത്തിലാണ് പാവം നാട്ടുകാർ.