തിരുവനന്തപുരം:ജി.എസ്.ടി നടപ്പാക്കിയപ്പോൾ കേരളത്തിലെ പതിനെട്ട് ചെക്ക് പോസ്റ്റുകൾ അടച്ചത് കാരണം പതിനഞ്ച് മാസത്തിനുള്ളിൽ 4,000 കോടി രൂപയുടെ നികുതി വരുമാനം നഷ്‌ടപ്പെട്ടതായി കണക്കാക്കുന്നു. ജി. എസ്. ടി നടപ്പായ 2017 ജൂലായ് മുതൽ 2018 സെപ്‌റ്റംബർ വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 42,000 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്.കിട്ടിയതാകട്ടെ 38,000 കോടി മാത്രം.
നികുതി പിരിവിലെ വാർഷിക വർദ്ധനവും ചെക്ക് പോസ്റ്റുകളിലൂടെയുള്ള ചരക്ക് കടത്തിന്റെ ശരാശരിയും താരതമ്യം ചെയ്തുള്ള വിലയിരുത്തലിലാണ് നികുതി വകുപ്പിന്റെ ഈ കണ്ടെത്തൽ.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി. എസ്. ടി വൻനേട്ടം ഉണ്ടാക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, നേട്ടമുണ്ടാക്കിയത് മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ ഉൽപാദക സംസ്ഥാനങ്ങളാണ്. വരുമാനം കൂടിയതിനാൽ ഇൗ സംസ്ഥാനങ്ങൾക്ക് നികുതി കുറഞ്ഞെന്ന പേരിൽ കേന്ദ്രം നഷ്ടപരിഹാരം നൽകേണ്ട ആവശ്യവുമില്ല.
വാറ്റ് കാലയളവിലെ നികുതി വരുമാനം 14 ശതമാനമായിരുന്നു. ജി. എസ്. ടി വന്നപ്പോൾ 20 ശതമാനം വരെ കൂടേണ്ടതായിരുന്നു. എന്നാൽ പത്തുശതമാനമേ കൂടിയുള്ളൂ. ഇൗ സാഹചര്യത്തിലാണ് വരുമാനക്കുറവിന്റെ കാരണം അന്വേഷിച്ചത്.
ജി.എസ്.ടി. വന്നശേഷം വ്യാപാരികൾ വാർഷിക റിട്ടേൺ സമർപ്പിച്ചിട്ടില്ല. ഇത് ലഭിച്ചാലേ നികുതി അടവിലെയും ഇടപാടിലെയും വ്യത്യാസം പരിശോധിക്കാനാവൂ.ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ ഇ - വേ ബിൽ അനുസരിച്ചാണ് ചരക്ക് കടത്ത്. ഇതിന്റെ സോഫ്റ്റ്‌വെയർ ശരിയാകാത്തതിനാൽ പലരും ഒരേ ഇ - വേ ബിൽ ഉപയോഗിച്ച് നിരവധി തവണ ചരക്ക് കടത്തുന്നുണ്ട്. വിലകുറച്ച് കാണിച്ച് ഇ - വേ ബിൽ ഉണ്ടാക്കുകയും ചെയ്യും. ചെക്ക് പോസ്റ്റുകൾ ഇല്ലാത്തതിനാൽ ഇ - വേ ബിൽ ഇല്ലാതെയും ചരക്ക് കടത്തുന്നുണ്ട്. ഇത് കണ്ടെത്താൻ സ്ക്വാഡിനെ ഇറക്കിയെങ്കിലും ഫലവത്തായിട്ടില്ല.
ഇൗ വർഷം ജൂണോടെ റിട്ടേൺ സമർപ്പണവും ഇ - വേ ബിൽ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് ജി.എസ്.ടി.കൗൺസിൽ സംസ്ഥാനത്തിന് നൽകിയ ഉറപ്പ്. ഇത് നടപ്പായാൽ അടുത്തവർഷത്തോടെ നികുതി വരവ് 20 - 30 ശതമാനം വർദ്ധിക്കുമെന്നാണ്പ്രതീക്ഷ.
നികുതി വരുമാനം
2016-17 - 34,038 കോടി ( വാറ്റ് വരുമാനം )
2017-18 - 38,403 കോടി (ജി.എസ്.ടി. ആദ്യവർഷം )
2018-19 - 24,561കോടി ( ഒക്ടോബർ വരെ)
( 26,000 കോടിയാണ് കിട്ടേണ്ടത് )