തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കുമെന്ന് അഡീഷണൽ ലേബർ കമ്മീഷണർ എസ്.തുളസീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഉറപ്പുനൽകി.
ജീവനക്കാർക്ക് 2012 ലെ കരാർ പ്രകാരമുള്ള സേവന, വേതന വ്യസ്ഥകൾ നടപ്പാക്കാനും പുതിയ കരാർ നിലവിൽ വരും വരെ ഇത് തുടരാനും തീരുമാനമായി. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി ഇറക്കിയ ഉത്തരവ് ഈമാസം 21 മുതൽ മെക്കാനിക്കൽ വിഭാഗമൊഴികെ മറ്റു വിഭാഗങ്ങളിൽ നടപ്പാക്കും.മെക്കാനിക്കൽ വിഭാഗത്തിന്റെ ഡ്യൂട്ടി സംബന്ധിച്ച് 29 ന് മാനേജ്മെന്റ് സംയുക്തട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും. ശമ്പളപരിഷ്കരണ കരാർ പുതുക്കാനുള്ള ചർച്ച 30 ന് തുടങ്ങും.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ട മുഴുവൻ എംപാനൽ ജീവനക്കാരെയും കോടതിയുടെ അംഗീകാരത്തോടെ ഘട്ടം ഘട്ടമായി തിരിച്ചെടുക്കാൻ ഗവൺമെന്റ് തലത്തിൽ തുടർചർച്ച നടത്തും.എൻ.ആർ.ഡി, എൻ.പി.എസ്, പി.എഫ്, എൽ.ഐ.സി പ്രിമിയം എന്നിവയിലേക്ക് ജീവനക്കാരിൽ നിന്ന് പിടിച്ച അംശാദായം ഒടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കും.
കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർകെ.എം.ശ്രീകുമാർ, ലാ ഓഫീസർ എസ്.രാധാകൃഷ്ണൻ, സംഘടനാ പ്രതിനിധികളായ സി.കെ.ഹരികൃഷ്ണൻ, സി.കെ.ജയചന്ദ്രൻ, എം.ജി.രാഹുൽ, ആർ.അയ്യപ്പൻ, ആർ.ശശിധരൻ എന്നിവർ പങ്കെടുത്തു.