udf

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ മാണി ഗ്രൂപ്പിന് രണ്ട് സീറ്റ്‌ കൂടിയേ തീരൂ എന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഇന്നലെ വ്യക്തമാക്കി. ഇടുക്കി സീറ്റ് കിട്ടണമെന്ന് ജേക്കബ് ഗ്രൂപ്പിനുവേണ്ടി ജോണി നെല്ലൂരും ആവശ്യപ്പെട്ടു. സീറ്റ് വിഭജന ചർച്ചയ്ക്ക് ഔപചാരിക തുടക്കം കുറിച്ച യു.ഡി.എഫ് യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. മൂന്ന് സീറ്റിനായി നേരത്തേ അവകാശവാദമുന്നയിച്ച മുസ്ലിംലീഗ് ‌മൗനം പാലിച്ചു.

മൂന്ന് സീറ്റുണ്ടായിരുന്ന മാണി ഗ്രൂപ്പിന് രണ്ടായും, പിന്നീട് ഒന്നായും കുറഞ്ഞു. അതിനാൽ ഇക്കുറി രണ്ട് സീറ്റ് വേണമെന്ന്‌ ജോസഫ് വാദിച്ചു. കോട്ടയത്താണ് മാണിഗ്രൂപ്പ് മത്സരിച്ചുവരുന്നത്. മാണിഗ്രൂപ്പ് ആഗ്രഹിക്കുന്നത് ഇടുക്കിയോ ചാലക്കുടിയോ ആണെന്നാണ് സൂചന.

കഴിഞ്ഞതവണ മത്സരിച്ച ജെ.ഡി.യു ഇപ്പോൾ യു.ഡി.എഫിലില്ലാത്തതിനാൽ അവരുടെ ഒഴിവ് കിട്ടണമെന്നാണ് ജോണി നെല്ലൂർ വാദിച്ചത്. അവർ മത്സരിച്ച പാലക്കാട് വേണ്ടെന്നും പറഞ്ഞു. ഉഭയകകക്ഷി ചർച്ചയിൽ മൂന്നാമതൊരു സീറ്റ് ലീഗ് ആവശ്യപ്പെടുമെന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്.

 ശബരിമലയിൽ നിയമനിർമ്മാണം

കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമനിർമ്മാണം നടത്തുമെന്ന ഉറപ്പ് നൽകണമെന്ന അഭിപ്രായം യു.ഡി.എഫ് യോഗത്തിലുണ്ടായി. ദേശീയ നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പറയാമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

 പി.സി. ജോർജിനെ പരിഗണിച്ചില്ല

പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടിയെ യു.ഡി.എഫിൽ എടുക്കണോയെന്ന വിഷയത്തിൽ കാര്യമായ ചർച്ചയുണ്ടായില്ല. ജോർജ് കത്ത് നൽകിയെന്ന വിവരം കോൺഗ്രസ് നേതൃത്വം യോഗത്തെ അറിയിച്ചു.