corporation

തിരുവനന്തപുരം: ഇനിമുതൽ പ്ലാസ്റ്രിക് പാത്രങ്ങളിലും കവറുകളിലും ഓൺലൈൻ ഭക്ഷണം ലഭിക്കില്ല. പ്ലാസ്റ്റിക് മുക്തനഗരമെന്ന ലക്ഷ്യത്തിന് മങ്ങലേൽപ്പിച്ച് പാറിപ്പറന്ന ഓൺലൈൻ ഭക്ഷണവിതരക്കാരെ വരുതിയിലാക്കിയിരിക്കുകയാണ് നഗരസഭ. പ്ളാസ്റ്റിക്കിനു പകരം പാള, കരിമ്പിൻ ചണ്ടി തുടങ്ങിയവ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കും. വാഴയിലയിൽ പൊതിഞ്ഞു ലഭിക്കുന്നത് തുടരും. ഇന്നലെ മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ സേവനദാതാക്കളുടെയും ഹോട്ടൽ ഉടമകളുടെയും യോഗത്തിലാണ് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ തീരുമാനിച്ചത്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിന് തയ്യാറാകണമെന്ന മേയറുടെ അഭ്യർത്ഥന ഓൺലൈൻ ഭക്ഷണ വിതരണ സേവന ദാതാക്കളും ഹോട്ടൽ ഉടമകളും അംഗീകരിക്കുകയായിരുന്നു. പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ വില്പനകേന്ദ്രം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കും. ഈ കേന്ദ്രങ്ങളുമായി ഹോട്ടലുകൾക്ക് നേരിട്ട് ബന്ധപ്പെടാം. പ്ലാസ്റ്റിക് കാരീ ബാഗുകൾ പൂർണമായി ഒഴിവാക്കി തുണി സഞ്ചിയിലാകും സാധനങ്ങൾ ഉപഭോക്താക്കളിലെത്തുക.

നഗരസഭ നിർമ്മിക്കുന്ന തുണി ബാഗുകൾ സബ്സിഡി നിരക്കിൽ ഉടൻ വിപണിയിൽ എത്തുമെന്നും ഹോട്ടലുകാർക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും മേയർ പറഞ്ഞു. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ പാക്കിംഗ് സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് ഓപ്ഷൻ തിരഞ്ഞെടുക്കാം.

ഓഡർചെയ്തശേഷം സ്റ്റീൽ പാത്രങ്ങളുമായി എത്തുന്നവർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ലഭ്യമാക്കണമെന്ന നഗരസഭയുടെ നിർദേശം പരിഗണിക്കാമെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു. പായ്ക്കിംഗ് നിർബന്ധമായി ആവശ്യപ്പെടുന്ന ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നതിനായി താരതമേന്യെ ഉയർന്ന നിരക്ക് ഈടാക്കുന്ന കാര്യം പരിഗണിക്കണമെന്നും ഓൺലൈൻ ഭക്ഷണവിതരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നഗരസഭ സംഘടിപ്പിക്കും. പത്ര - ദൃശ്യ മാദ്ധ്യമങ്ങൾ, എഫ്.എം റേഡിയോ, തിയേറ്റർ സ്ലൈഡുകൾ, നവമാദ്ധ്യമങ്ങൾ തുടങ്ങിയവയിലൂടെ നഗരസഭ കാമ്പെയിൻ സംഘടിപ്പിക്കും.