തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദ്വിദിന ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ മെയിൻ ശാഖയിൽ അതിക്രമം കാട്ടിയതിന് റിമാൻഡിലായ ആറ് സർക്കാർ ജീവനക്കാരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി ഇന്ന് വിധിപറയും. ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ബുധനാഴ്ച പൂർത്തിയായിരുന്നു. ജാമ്യം നൽകിയാൽ പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്താനിടയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമേയുള്ളൂ എന്നമട്ടിൽ ഒഴുക്കൻ മട്ടിലുള്ള വാദങ്ങളും സർക്കാർ അഭിഭാഷകന്റെ ഭാഗത്തു നിന്നുണ്ടായി.
ജി.എസ്.ടി വകുപ്പിലെ എസ്റ്റാബ്ലിഷ്‌മെന്റ് ഇൻസ്പെക്ടർ സുരേഷ് ബാബു, നികുതി വകുപ്പിലെ ഇൻസ്പെക്ടർ സുരേഷ്, ട്രഷറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ജീവനക്കാരായ ബിജുരാജ്, വിനുകുമാർ, സിവിൽ സപ്ലൈസ് വകുപ്പിലെ അനിൽകുമാർ എന്നിവരാണ് റിമാൻഡിൽ. എല്ലാവരെയും 28വരെയാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) റിമാൻഡ് ചെയ്തത്. ഇവരെ ഇന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും. എല്ലാവർക്കുമെതിരെ പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, ചീത്തവിളിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.