historic-victory-for-kera

കൃഷ്ണഗിരി (വയനാട്) : ആഭ്യന്തര ക്രിക്കറ്റിന്റെ ചരിത്രത്തിൽ പൊൻവർണം കൊണ്ട് പേര് ചാർത്തി കേരള ക്രിക്കറ്റ് ടീം കൃഷ്ണഗിരിയിൽ വിജയപ്പതാകയുയർത്തി. 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 113 റൺസിന് വിജയിച്ചാണ് സച്ചിൻ ബേബി നയിച്ച കേരള ടീം രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്ക് ചുവടുവച്ചത്. കഴിഞ്ഞ സീസണിൽ ആദ്യമായി ക്വാർട്ടർ ഫൈനലിലേക്ക് എത്തുകയും അവിടെ വിദർഭയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ സെമിഫൈനലിൽ വിദർഭയാകും കേരളത്തിന്റെ എതിരാളികൾ എന്നാണ് സൂചന. സെമിഫൈനലും കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തന്നെയാണ് 24 മുതൽ നടക്കുക.

ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുള്ള പാർത്ഥിവ് പട്ടേൽ, അക്ഷർ പട്ടേൽ, പിയൂഷ് ചൗള എന്നിവർ അണിനിരന്ന ഗുജറാത്തിനായിരുന്നു കൃഷ്ണഗിരിയിൽ ടോസ്. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചിൽ അവർ കേരളത്തെ ആദ്യ ബാറ്റിംഗിനിറക്കി.

കേരളം ആദ്യ ഇന്നിംഗ്സിൽ നേടിയത് 185 റൺസ്. 37 റൺസെടുത്ത ബേസിൽ തമ്പിയായിരുന്നു ടോപ് സ്കോറർ.

ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് രണ്ടാംദിവസം രാവിലെയോടെ കേരളം 162 റൺസിൽ അവസാനിപ്പിച്ചതോടെ കളിയുടെ കടിഞ്ഞാൺ ആതിഥേയരുടെ കൈയിലെത്തി.

നാലുവിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ബേസിൽ തമ്പിയും എം.ഡി. നിതീഷുമാണ് ഗുജറാത്തിനെ തകർത്തുകളഞ്ഞത്.

രണ്ടാംദിവസം തന്നെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 171 റൺസിൽ അവസാനിച്ചിരുന്നു.

56 റൺസെടുത്ത സിജോമോൻ ജോസഫും 44 റൺസെടുത്ത ജലജ് സക്‌സേനയും പരിക്കേറ്റ കൈയുമായി അവസാനക്കാരനായി ഇറങ്ങാൻ ധൈര്യം കാട്ടിയ സഞ്ജു സാംസണുമൊക്കെ കേരള ഇന്നിംഗ്സിൽ ധീരത കാട്ടി. മൂന്നാംദിവസമായ ഇന്നലെ 195 റൺസ് വിജയലക്ഷ്യവുമായാണ് ഗുജറാത്ത് ഇറങ്ങിയത്. 31.3 ഒാവറുകൾകൊണ്ട് വെറും 81 റൺസിൽ കേരളവും സന്ദർശകരുടെ കഥ കഴിച്ചു. അഞ്ചുവിക്കറ്റ് വീഴ്ത്തി ബേസിൽ തമ്പിയും നാല് വിക്കറ്റ് വീഴ്ത്തി സന്ദീപ് വാര്യരും വിജയത്തിൽ നിർണായകപങ്കുവഹിച്ചു. ബേസിലാണ് മാൻ ഒഫ് ദ മാച്ച്.