kerala-ranji-trophy-semi-
KERALA RANJI TROPHY SEMI FINAL

ക്രിക്കറ്റിന്റെ ഭൂപടത്തിൽ കേരളവും കേരളത്തിന്റെ ഭൂപടത്തിൽ ക്രിക്കറ്റും ഇനി ചില്ലറക്കാര്യമല്ല. ക്രിക്കറ്റ് വളരാത്ത നാടെന്ന പരിഹാസങ്ങളെയാണ് ഇന്നലെ സച്ചിൻ ബേബിയും കൂട്ടരും ചേർന്ന് വയനാടൻ കുന്നുകൾക്കപ്പുറത്തേക്ക് അടിച്ചുകയറ്റിയത്. കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ കന്നിയങ്കത്തിൽ എതിരാളികൾ വിദർഭയായിരുന്നു. നാഗ്പൂരിൽ നടന്ന മത്സരത്തിൽ കേരളം ദാരുണമായി പരാജയപ്പെട്ടു. ആ വേദനയിൽ നിന്നാണ് ഡേവ് വാട്ട്മോറെന്ന പരിശീലകൻ ഇത്തവണ ക്വാർട്ടർ വിജയത്തിന്റെ തിരക്കഥ രചിച്ചത്.

പാളയത്തിൽപട പന്തം കൊളത്തിയ വാർത്തയാണ് ഇൗ സീസൺ തുടങ്ങുന്നതിന് മുമ്പ് കേരളത്തിന്റെ രഞ്ജി ട്രോഫി ക്യാമ്പിൽനിന്ന് പുറത്തുവന്നത്. തമ്മിലടികൊണ്ട് താറുമാറായിപ്പോകുമായിരുന്ന ഒരു സീസണിൽ ഏറ്റവും ഉന്നതിയിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ ആ പ്രശ്നം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ പരിഹരിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ കാട്ടിയ അനിതരസാധാരണ മികവ് അഭിനന്ദനമർഹിക്കുന്നു. നായകനായ സച്ചിൻ ബേബിക്കെതിരെ ടീമിലെ ഭൂരിഭാഗം പരാതിക്കത്തിൽ ഒപ്പിട്ടുനൽകിയിരുന്നു. ആ താരങ്ങളെല്ലാം ഇന്ന് കളിക്കളത്തിൽ ഒത്തൊരുമയോടെ സച്ചിൻ ബേബിക്ക് പിന്നിൽ അണിനിരന്നിരിക്കുന്നു.

കേരളത്തിൽ നിന്ന് മഹാൻമാരായ നിരവധി ക്രിക്കറ്റ് താരങ്ങൾ ഉദയം കൊണ്ടിട്ടുണ്ട്. രവിയച്ചനും ബാലൻ പണ്ഡിറ്റും മുതൽ ടിനു യോഹന്നാനും അനന്ത പത്മനാഭനും ശ്രീശാന്തും വരെയുള്ളവർ ക്രിക്കറ്റ് ചരിത്രത്തിൽ അവരുടെ സ്ഥാനവും അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ടീമെന്ന നിലയിൽ കേരളം എന്നും പുറമ്പോക്കിലായിരുന്നു. രഞ്ജി ട്രോഫിയിൽ വമ്പന്മാരാകെ എലൈറ്റ് ഗ്രൂപ്പിൽ കളിക്കുമ്പോൾ കേരളം പ്ളേറ്റ് ഗ്രൂപ്പിന്റെ പിന്നാമ്പുറത്ത് പാത്രം മോറുകയായിരുന്നു പതിവ്. കഴിഞ്ഞ കുറച്ചുസീസണുകൾ കൊണ്ടാണ് ആ രീതിക്ക് മാറ്റമുണ്ടായത്. കേരളം എലൈറ്റ് ഗ്രൂപ്പിലേക്ക് ഉയർത്തപ്പെട്ടു. കഴിഞ്ഞവർഷം ക്വാർട്ടർ ഫൈനൽ വരെയെത്തി. ഇൗവർഷം ഇതാ സെമിയിലേക്ക്. ഇനിയുമൊരുപാട് മുന്നേറേണ്ടതുണ്ട്. കേരളം അതിനുള്ള ശേഷി സച്ചിനും സഞ്ജുവും ജലജും ബേസിലുമൊക്കെയടങ്ങിയ ഇൗ സംഘത്തിനുണ്ട്. ടീം സ്പിരിറ്റും ഭാഗ്യവും കൂടിയുണ്ടെങ്കിൽ കൃഷ്ണഗിരിയിലെ പിച്ചിൽ ഒരു ചരിത്ര നിമിഷം കൂടി പിറക്കും. കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് പ്രവേശിക്കുന്ന സുവർണ മുഹൂർത്തം.