ഡേവ് വാറ്റ് മോർ
1996ൽ ഒന്നുമില്ലായ്മയിൽ നിന്ന് ശ്രീലങ്കയെ ലോക ചാമ്പ്യൻമാരാക്കിയ ഡേവ് വാറ്റ്മോർ എന്ന പരിശീലകൻ കേരളത്തെയും സമാനമായ അവസ്ഥയിൽ നിന്നാണ് സെമിയിലെത്തിച്ചിരിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്യുന്ന താരങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ് വാറ്റ്മോറിന്റെ ശൈലി. വ്യത്യസ്തമായ റോളുകൾ നൽകി ഓരോരുത്തരുടെയും പ്രതിഭ വെളിയിൽ കൊണ്ടുവരാൻ വാറ്റ്മോറിന് കഴിയുന്നു. ജലജ് സക്‌സേനയെ ഓപ്പണറായും മദ്ധ്യനിരക്കാരനായും സ്പിന്നറായുമൊക്കെ പരീക്ഷിച്ച ഡേവ് സി ജോമോൻ ജോസഫിന് 'പിഞ്ച് ഹിറ്റർ' പൊസിഷൻ നൽകിയും രാഹുലിനെ ഓപ്പണറാക്കിയുമൊക്കെ തന്ത്രങ്ങൾ കൊണ്ട് ഞെട്ടിച്ചു. ശ്രീലങ്കയെയും ബംഗ്ളാദേശിനെയുമൊക്കെ ലോക ക്രിക്കറ്റിൽ വമ്പൻമാരാക്കിയ ഈ ആസ്ട്രേലിയക്കാരന്റെ കൈയിൽ കേരള ക്രിക്കറ്റ് ഭദ്രമാണ്.
ജലജ് സക്സേന
കേരള ക്രിക്കറ്റിലെ വിരാട് കൊഹ്‌ലിയെന്ന വിശേഷണമൊന്നും ജലജ് സക്സേനയ്ക്ക് മതിയാവില്ല. കാരണം ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലും ഫീൽഡിംഗിലും ജലജ് ഒരു വിസ്‌മയം തന്നെ. ഈ സീസണിൽ ജലജ് ജ്വലിച്ചപ്പോഴൊക്കെ കേരളം ജയിച്ചു. ജലജ് വീണപ്പോൾ കേരളവും വീണു.
സച്ചിൻ ബേബി
സീസൺ തുടങ്ങുമ്പോൾ ടീമിൽ ഒറ്റപ്പെട്ടവനായിരുന്ന സച്ചിൻ ബേബി സെമിയിലെത്തിക്കുന്ന ചരിത്രനായകനായി മാറിയിരിക്കുന്നു. ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നത് മാത്രമല്ല, അവശ്യസന്ദർഭങ്ങളിൽ ബാറ്റുകൊണ്ട് പോരാളിയുമാകുന്നു. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ തുമ്പയിൽ സെഞ്ച്വറി നേടി. മദ്ധ്യപ്രദേശിനെതിരെയും തുമ്പയിൽ സെഞ്ച്വറി. ഹിമാചൽ പ്രദേശിനെതിരെ തോൽവിയിൽ നിന്ന് വിജയത്തിലേക്ക് അത്ഭുതകരമായ ടീമിനെയെത്തിച്ചത് സച്ചിൻ പൊരുതി നേടിയ 92 റൺസാണ്.
ബേസിൽ തമ്പി
കേരളത്തിന്റെ ജസ്പ്രീത് ബുംറയാണ് ബേസിൽ. മീഡിയം പേസുകൊണ്ട് ബാറ്റ്സ്‌മാൻമാരെ വിറപ്പിക്കുന്ന ബേസിൽ അത്യാവശ്യം ബാറ്റിംഗും ചെയ്യും. കൃഷ്ണഗിരിയിൽ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററും (37) രണ്ടാം ഇന്നിംഗ്സിലെ ടോപ് വിക്കറ്റ് ടേക്കറും (5/27) ആയ ബേസിൽ മാൻ ഒഫ് ദ മാച്ചുമായി.
സന്ദീപ് വാര്യർ
ടീമിലെ നിശബ്ദനായ പോരാളിയാണ് സന്ദീപ്. പേസ് ബൗളിംഗിന് അനുകൂലമായ പിച്ചുകളിൽ ക്യാപ്ടനും കോച്ചിനും ധൈര്യമായി പന്തേൽപ്പിക്കാം. ബംഗാളിനും തമിഴ്‌നാടിനും പഞ്ചാബിനുമെതിരെ അഞ്ചുവിക്കറ്റ് നേട്ടം. ക്വാർട്ടർ ഫൈനലിൽ ഇരട്ട ഇന്നിംഗ്സുകളിലും നാല് വിക്കറ്റ് വീതം.