india-australia-last-one
INDIA AUSTRALIA LAST ONE DAY

. പരമ്പര 1-1ന് സമനിലയിൽ,

ഇന്ന് വിജയിക്കുന്നവർക്ക് കിരീടം

. ടി.വി. ലൈവ് രാവിലെ 7.50 മുതൽ സോണി മാക്സിലും ടെൻ 3യിലും

മെൽബൺ : ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്ന് മെൽബണിൽ അരങ്ങൊരുങ്ങുമ്പോൾ ടെസ്റ്റിന് പിന്നാലെ ഏകദിനത്തിൽ കൂടി പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

മൂന്ന് മത്സര പരമ്പരയിലെ ആദ്യകളിയിൽ ആസ്ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യയും. ആദ്യമത്സരത്തിൽ ചേസ് ചെയ്ത് ജയിക്കാൻ കഴിയാതിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ ലക്ഷ്യം കടന്നപ്പോൾ മഹേന്ദ്രസിംഗ് ധോണി എന്ന യുവ നായകന്റെ തിരിച്ചുവരവ് കൂടിയായി അത്. 2018 ൽ ഒരു അർദ്ധ സെഞ്ച്വറിപോലും നേടാൻ കഴിയാതിരുന്ന ധോണി പുതുവർഷത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയിരിക്കുന്നു. ആദ്യ മത്സരത്തിൽ 91 പന്തുകളാണ് അർദ്ധ സെഞ്ച്വറിക്ക് വേണ്ടിവന്നതെങ്കിൽ രണ്ടാം മത്സരത്തിൽ പഴയ സ്ട്രൈക്ക് റേറ്റിന്റെ ലക്ഷണങ്ങൾ കിട്ടുകയും അവസാന ഒാവറിൽ സിക്‌സടിക്കുകയും ചെയ്തു. ഏകദിനത്തിൽ 39-ാം സെഞ്ച്വറി നേടിയ കൊഹ്‌ലിയും രോഹിത് ശർമ്മയും അടങ്ങുന്ന മുൻനിര ബാറ്റിംഗാണ് ഇന്ത്യയുടെ ശക്തി. ഒാപ്പണിംഗിൽ ശിഖർ ധവാൻ കഴിഞ്ഞ മത്സരത്തിൽ ഫോമിന്റെ ലക്ഷണം കിട്ടിയെങ്കിലും ദീർഘമായ ഇന്നിംഗ്സ് കളിക്കാനായില്ല.

ബൗളിംഗ് ആക്‌‌ഷനിൽ കുഴപ്പം കണ്ട കേദാർ യാദവിന് പകരം ഇന്ത്യ ഇന്ന് ആൾ റൗണ്ടർ വിജയ് ശങ്കറെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

കഴിഞ്ഞ മത്സരത്തിൽ തല്ലുവാങ്ങി ഏകദിന അരങ്ങേറ്റം നടത്തിയ മുഹമ്മദ് സിറാജ് കളിക്കാനിടയില്ല. അമ്പാട്ടി റായ്ഡുവിനുപകരം ഒരു ബൗളറെകൂടി ഇന്ത്യ കളിപ്പിച്ചേക്കും.

അതേസമയം സ്പെഷ്യലിസ്റ്റ് സ്പിന്നർ ആദം സാംപയെ ഉൾപ്പെടുത്തിയാണ് ആസ്ട്രേലിയ ഇറങ്ങുക.

ആസ്ട്രേലിയൻ ഒാപ്പൺ

സെറീന മുന്നോട്ട്

മെൽബൺ : കാനഡയുടെ യൂജിൻ ബൗച്ചാർഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി മുൻ ചാമ്പ്യൻ സെറീന വില്യംസ് ആസ്ട്രേലിയ ഒാപ്പൺ വനിതാ സിംഗിൾസിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നു. തന്റെ 24-ാം ഗ്രാൻസ്ളാം കിരീടം തേടിയിറങ്ങിയ സെറീന 6-2, 6-2 എന്ന സ്കോറിന് 70 മിനിട്ടുകൾകൊണ്ടാണ് യൂജിനെ മറികടന്നത്. മൂന്നാം റൗണ്ടിൽ ഉക്രേനിയൻ കൗമാരതാരം ഡയാന യാസ്‌ത്രെംസ്കയാണ് സെറീനയുടെ എതിരാളി.‌

ഇന്നലെ നടന്ന മറ്റ് രണ്ടാം റൗണ്ട് മത്സരങ്ങളിൽ പുരുഷ സിംഗിൾസിലെ ഒന്നാം സീഡ് നൊവാക്ക് ജോക്കോവിച്ച് വിജയിച്ചപ്പോൾ മുൻ ഗ്രാൻസ്ളാം ചാമ്പ്യൻ സ്റ്റാൻസിലാവ് വാവ്‌രിങ്ക പുറത്തായി. നൊവാക്ക് 6-3, 7-5, 6-4ന് ജോവിൽഫ്രഡ് സോംഗയെയാണ് കീഴടക്കിയത്. മിലാസ് റാവോണിച്ച് 6-7, 7-6, 7-6, 7-6 നാണ് വാവ്‌രിങ്കയെ കീഴടക്കിയത്. മത്സരം നാലുമണിക്കൂർ നീണ്ടു.

വനിതാ സിംഗിൾസിൽ ടോപ് സീഡ് സിമോണ ഹാലെപ്പ് 3-6, 6-7, 6-4ന് അമേരിക്കയുടെ കെനിനെ കീഴടക്കി മൂന്നാം റൗണ്ടിലെത്തി. നാസോമി ഒസാക്ക 6-2, 6-4ന് സിദാൻ സെക്കിനെ കീഴടക്കി. അലക്സിസ് സ്വെരേവ്, വീനസ് വില്യംസ്, കരോളിന പ്ളിസ്കോവ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു.

തോറ്റിട്ടും റയൽ ക്വാർട്ടറിൽ

മാഡ്രിഡ് : സ്പാനിഷ് കിംഗ്സ് കപ്പിന്റെ രണ്ടാം പാദത്തിൽ ലെഗാനസിനോട് 1-0 ത്തിന് തോറ്റെങ്കിലും ആദ്യപാദത്തിലെ 3-0 വിജയത്തിന്റെ മികവിൽ റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിലെത്തി. അതേസമയം പ്രീക്വാർട്ടർ രണ്ടാംപാദത്തിൽ ഗിറോണയോട് 3-3ന് സമനിലയിൽ പിരിഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്തായി.

യുവന്റസിന് സൂപ്പർ കപ്പ്

ജിദ്ദ : സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ എ.സി മിലാനെ 1-0 ത്തിന് തോൽപ്പിച്ച് യുവൻസ് ഇറ്റാലിയൻ സൂപ്പർ കപ്പ് സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വിജയഗോൾ നേടിയത്.

ഇവളാണ് എന്റെ സന്തോഷം

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സെൻസേഷൻ ഋഷഭ് പന്ത് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ കാമുകി ഇഷനേഗിയുടെ ചിത്രം.

'നിന്നെ സന്തോഷിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. എന്തെന്നാൽ ഞാൻ സന്തോഷവാനായിരിക്കാൻ കാരണം നീയാണ്" എന്ന ........................ ഋഷഭ് ഇൗ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'എന്റെ പുരുഷൻ ആത്മസ്നേഹിതൻ, പ്രിയ സുഹൃത്ത്, എന്റെ സ്നേഹഭാജനം " എന്ന കുറിപ്പോടെ ഇഷയും ഇൗ ചിത്രം പോസ്റ്റ് ചെയ്തു.

സൈന, ശ്രീകാന്ത് ക്വാർട്ടറിൽ

ക്വലാലംപൂർ : ഇന്ത്യൻ താരങ്ങളായ സൈറ നെഹ്‌വാളും കെ. ശ്രീകാന്തും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി.

ഫാദർ എഫ്രേം ട്രോഫി:

ഫൈനൽ ഇന്ന്

തിരുവനന്തപുരം : സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന 22-ാമത് ഫാദർ എഫ്രേം ട്രോഫി ആൾ കേരള ഇന്റർ സ്കൂൾ പ്രൈസ് മണി ബാസ്കറ്റ് ബാൾ ടൂർണമെന്റിൽ തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും സെന്റ് തോമസ് കോഴഞ്ചേരി പത്തനംതിട്ടയും തമ്മിലുള്ള ഫൈനൽ ഇന്ന് രാവിലെ 9.30ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ സെന്റ് തോമസ് കോഴഞ്ചേരി പത്തനംതിട്ട 59-45 സ്കോറിന് ജീ.വി. രാജ സ്പോർട്സ് സ്കൂളിനേയും തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 35-14 സ്കോറിന് തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിനെയും പരാജയപ്പെടുത്തിയാണ്ഫൈനലിൽ പ്രവേശിച്ചത്.