alappad

ഖനനം പൂർണമായി നിറുത്തും വരെ സമരമെന്ന്

തിരുവനന്തപുരം:കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരായ സമരം ഒത്തുതീർപ്പാക്കാൻ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ സമരസമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സീ വാഷിംഗ് ഒരു മാസത്തേക്ക് നിറുത്തിവയ്ക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും ഖനനം പൂർണമായും നിർത്തിവയ്ക്കണമെന്ന നിലപാടിൽ സമരസമിതി ഉറച്ചുനിന്നു. ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഒരു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. റിപ്പോർട്ട് ലഭിക്കുംവരെ സമരസമിതിയുടെ പ്രധാന ആവശ്യമായ സീ വാഷിംഗ് നിർത്തിവയ്ക്കും.എന്നാൽ ഖനനം നിർത്തിവയ്ക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിദഗ്ദ്ധ സമിതിയ്ക്ക് രൂപം കൊടുക്കാൻ സെസിലെ ശാസ്ത്രജ്ഞൻ ടി.എൻ.പ്രകാശിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജയരാജൻ അറിയിച്ചു.കരിമണൽ കേരളത്തിന്റെ സമ്പത്താണ്.അത് ഉപയോഗപ്പെടുത്താതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിദഗ്ദ്ധ സമിതി റിപ്പോർട്ട് വരുംവരെ സീ വാഷിംഗ് നിറുത്തിവയ്ക്കാൻ ഐ.ആർ.ഇയോട് നിർദ്ദേശിച്ചതായി മന്ത്രി അറിയിച്ചു. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരും.16.5 കിലോമീറ്റർ ദൂരത്തിലാണ് ആലപ്പാട് പഞ്ചായത്തിൽ ഖനനം നടത്തേണ്ടത്.ഈ ഭാഗത്ത് കടൽ ഭിത്തി ഉടൻ ശക്തിപ്പെടുത്തും.കടൽ കയറി തീരം നശിക്കാതിരിക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ പുലിമുട്ട് നിർമിക്കും.പ്രദേശത്തിന്റെ സംരക്ഷണത്തിന് വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളും. ഇതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കും.അടിയന്തിരമായി കടൽ ഭിത്തി നിർമിക്കാൻ ഇറിഗേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകി.കമ്പനികളിൽ ജോലിക്ക് ആളെ എടുക്കുന്നതിൽ സുതാര്യത വരുത്താനും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ജയരാജൻ പറഞ്ഞു.