കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് വിസ്മരിക്കാനാവാത്ത നാമമാണ് ടി.കെ. ദിവാകരന്റേത്. അദ്ദേഹം ഒാർമ്മയായിട്ട് ഇന്ന് 43 വർഷം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി സേനാനി, കേരളത്തിലെ സുശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അവിസ്മരണീയ സ്ഥാപക നേതാവ്, എതിരാളികളുടെ പോലും അഭിനന്ദനം ആർജിക്കാൻ കഴിഞ്ഞ പ്രഗത്ഭനായ ഭരണാധികാരി തുടങ്ങിയ നിലകളിൽ ടി.കെ എക്കാലവും സ്മരിക്കപ്പെടും.
സാധാരണക്കാരിൽ സാധാരണക്കാരുടേതായ കുടുംബത്തിലാണ് കൊല്ലം പട്ടത്താനത്ത് തണ്ടാന്റഴികത്തുവീട്ടിൽ കൃഷ്ണൻ മകൻ ദിവാകരൻ ജനിച്ചത്. രാഷ്ട്രീയ പ്രവർത്തനം ദുഃസഹമായ, യാതനയുടെ മാത്രം പര്യായമായിരുന്ന കാലത്താണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് കാലുകുത്തിയത്. സമൂഹം തൊഴിലാളി പ്രസ്ഥാനത്തെ ഒരു മഹാമാരിയെപ്പോലെ വെറുക്കുകയും അങ്ങേയറ്റം പുച്ഛിക്കുകയും ചെയ്തുവന്ന കാലഘട്ടത്തിലാണ് ടി.കെയുടെ രംഗപ്രവേശം. യാഥാസ്ഥിതിക ശക്തികൾ കരുത്താർജിച്ച് നിന്ന ഒരുകാലത്ത് അവയോടു എതിർത്ത് നിന്നുകൊണ്ടാണ് അദ്ദേഹം നിലയുറപ്പിച്ചിടത്തുതന്നെ നിന്ന് പ്രവർത്തിച്ചത്.
രാഷ്ട്രീയവും ട്രേഡ് യൂണിയൻ പ്രവർത്തനവും പനിനീർ മെത്തയല്ലാതായിരുന്ന ആ കാലത്ത് ടി.കെ. കടുത്തയാതനയും പട്ടിണിയും അനുഭവിച്ചു. ജീവിതത്തിന്റെ വസന്തകാലത്ത് മുപ്പത് മാസത്തോളം പല തവണകളായി അദ്ദേഹത്തിന് തടവിൽ കഴിയേണ്ടിവന്നു. അതിൽ പതിനേഴ് മാസം അദ്ദേഹം കഴിഞ്ഞത് മൃഗീയതയുടെ പര്യായമായിരുന്ന പ്രാകൃതമായ ലോക്കപ്പുകളിലായിരുന്നു
പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ടി.കെയ്ക്ക് ലോക്കപ്പിൽ അനുഭവിക്കേണ്ടിവന്ന മർദ്ദനം നിഷ്ഠൂരമായിരുന്നു. പൊലീസുകാർ കൈ കഴയ്ക്കും വരെ തല്ലിച്ചതച്ചശേഷം വെള്ളം ചോദിക്കുമ്പോൾ കുടിക്കാൻ മൂത്രം നൽകിയ ഞെട്ടിക്കുന്ന സംഭവങ്ങൾ പോലും ടി.കെയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
അരപ്പട്ടിണിക്കാരായ കശുഅണ്ടി തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും ക്ഷേത്രജീവനക്കാരുടെയും ആവശ്യങ്ങൾ മുൻനിറുത്തി ടി.കെ നടത്തിയ നീണ്ട നിരാഹാര സത്യഗ്രഹങ്ങൾ ശ്രദ്ധേയമാണ്. അറിവ് ആർജിക്കാനും അത് സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്താനും കഴിഞ്ഞ അദ്ദേഹത്തിന് ഇ.എസ്.എൽ.സിവരെ പഠിക്കാനുള്ള സാഹചര്യമേ അന്നുണ്ടായിരുന്നുള്ളൂ. അതുവര പഠിച്ചതാകട്ടെ വളരെ ക്ളേശങ്ങൾ സഹിച്ചുമാണ്.
എൻ. ശ്രീകണ്ഠൻ നായരുടെയും കണ്ണന്തോടത്ത് ജനാർദ്ദനൻ നായരുടെയും നേതൃത്വത്തിൽ കൊല്ലത്തെ തൊഴിലാളി പ്രസ്ഥാന പ്രവർത്തനത്തിൽ മുഴുകിയ ടി.കെ അവരോടൊപ്പം തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിൽ നേതൃത്വം വഹിച്ച സ്റ്റേറ്റ് കോൺഗ്രസിൽ സജീവമായി പ്രവർത്തനം തുടങ്ങി. അഖില തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് കോൺഗ്രസിലെ ഇടതുപക്ഷ വിഭാഗത്തിൽ നിലയുറപ്പിച്ചു. ടി.കെ പിന്നീട് തന്റെ സഖാക്കളോടൊപ്പം ട്രാവൻകൂർ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും കെ.എസ്.പിയിലേക്കും ആർ.എസ്.പിയിലേക്കും ചെന്നെത്തി. 1952ലാണ് ആദ്യം ടി.കെ കൊല്ലത്തുനിന്ന് തിരുവിതാംകൂർ - കൊച്ചി നിയമസഭയിലേക്ക് എത്തിയത്. 1962 മുതൽ 1967 ൽ മന്ത്രിയാകുന്നതുവരെ കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്നു. 1967ലെ പൊതുതിരഞ്ഞെടുപ്പിനെത്തുടർന്ന് ഇ.എം.എസ് .നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സപ്തകക്ഷി ഐക്യമുന്നണി മന്ത്രിസഭയിൽ ടി.കെ. ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ഒൻപത് മാസക്കാലം സഭാനേതാവായും പ്രവർത്തിച്ചു. പൊതുമരാമത്ത് ജോലികൾക്ക് ഒരു പൊതുമേഖലാ കോർപ്പറേഷൻ രൂപീകരിക്കുക എന്ന ആശയം ആവിഷ്കരിക്കാനും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും കഴിഞ്ഞതുവഴി ഇടത്തട്ടുകാരെ ഒഴിവാക്കാനും ബൃഹത്തായ മരാമത്ത് ജോലികൾ ഫലപ്രദമായി നിർവഹിക്കാനും കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട കൊല്ലം ബൈപാസിന്റെ ആശയം ഉടലെടുക്കുന്നത് ടി.കെ. ദിവാകരന്റെ മനസിലാണ്. പദ്ധതി കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച് അത് യാഥാർത്ഥ്യമാക്കാൻ അദ്ദേഹം യത്നിച്ചു. വിപുലമായ ഒരു സുഹൃദ്വലയമാണ് ടി.കെ. ദിവാകരന് ഉണ്ടായിരുന്നത്. കക്ഷിചിന്തകളൊന്നും അതിന് അതിർവരമ്പുകൾ സൃഷ്ടിച്ചിരുന്നില്ല. ഇന്ത്യയിലെ തൊഴിലാളിവർഗം ഭരണകൂടത്തിൽ നിന്ന് കടുത്ത ഭീഷണികളെ നേരിടുന്ന സമയമാണിത്. തൊഴിലാളികളുടെ ഐക്യനിര വളർന്നുവന്നിരിക്കുന്നു. തൊഴിലാളികൾക്കെതിരായ വെല്ലുവിളികളെ യോജിപ്പോടെ നേരിടാൻ, വരുംകാല പോരാട്ടങ്ങൾക്ക് ടി.കെയുടെ സ്മരണ നമുക്ക് കരുത്ത് പകരും. ടി.കെ. ദിവാകരന് ബാഷ്പാഞ്ജലി.