കുട്ടനാട്: യുവതിയുടെ മൃതദേഹം ഭർതൃഗൃഹത്തിന് സമീപം പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും റിമാൻഡിൽ. വെളിയനാട് ഗ്രാമപഞ്ചായത്ത് കുന്നങ്കരി പുലിമുഖത്ത് അമ്പലംകുന്ന് വീട്ടിൽ ജ്യോതി (26) മരിച്ച സംഭവത്തിലാണ് ഭർത്താവ് ലാൽജി (30), ലാൽജിയുടെ അമ്മ ലില്ലിക്കട്ടി (ഏലിയാമ്മ- 55 ) എന്നിവരെ രാമങ്കരി എസ്.ഐ ബി.ഷാജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പ് കുന്നങ്കരികയിലെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ജ്യോതി എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഭർത്താവിന്റെ സ്വഭാവ ദൂഷ്യം മൂലം ജീവനൊടുക്കുന്നു എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാൽജിയെയും ലില്ലിക്കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞ 8ന് പുലർച്ചെ അഞ്ചോടെയാണ് യുവതിയെ ഭർതൃവീടിന് പിന്നിലായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ലില്ലിക്കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് രാമങ്കരി പൊലീസിൽ ബന്ധുക്കൾ പരാതി നൽകുകയും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ ബി.ഷാജിമോൻ പറഞ്ഞു.