തുറവൂർ: ദേശീയപാതയിൽ പട്ടണക്കാട് ബിഷപ്പ് മൂർ സ്കൂളിന് സമീപം ബൈക്ക് യാത്രക്കാരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ നാഷണൽ പെർമിറ്റ് ലോറി പട്ടണക്കാട് പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരാഴ്ചയ്ക്കുശേഷം ലോറി തിരിച്ചറിഞ്ഞത്.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയമുള്ള മൂന്ന് ലോറികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കവേ, ഇടിച്ചത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണെന്ന് തെളിഞ്ഞു. തുടർന്ന് പട്ടണക്കാട് എസ്.ഐ എസ്.അസീമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തമിഴ്നാട്ടിലെത്തിയാണ് ലോറി കസ്റ്റഡിയിലെടുത്തത്.

10ന് പുലർച്ചെ മൂന്നരയോടെയായിരുന്നു ബൈക്കിൽ ലോറിയിടിച്ച് തൈക്കൽ വെളിയിൽ പറമ്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവർ ദാരുണമായി മരിച്ചത്. പാചക വിദഗ്ദ്ധരായ ഇവർ ബൈക്കിൽ എറണാകുളത്തു നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ലോറി അടുത്ത ദിവസം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.