ചാരുംമൂട്: കെ.പി റോഡിൽ നൂറനാട് എസ്.ബി.ഐക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ എരുമക്കുഴി പുത്തൻവിള ക്ഷേത്രത്തിന് സമീപം നിഖിൽ നിവാസിൽ വിജയൻ - വത്സല ദമ്പതികളുടെ മകൻ നിഖിൽ (30) മരിച്ചു. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം. ചാരുംമൂട് ഭാഗത്ത് നിന്ന് നൂറനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്ന നിഖിൽ സഞ്ചരിച്ച സ്കൂട്ടറും ചാരുംമൂട്ടിൽ നടക്കുന്ന കല്യാണ ആവശ്യത്തിനുള്ള പാചക സാമഗ്രികളുമായി പോവുകയായിരുന്ന പള്ളിക്കൽ വിഘ്നേശ്വര കാറ്ററിംഗ് സർവീസിന്റെ ടൊമ്പോയും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവം നടന്നയുടൻ ഇതുവഴി പോയ വാഹനത്തിൽ നിഖിലിനെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൊമ്പോ ഡ്രൈവറെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏക സഹോദരി: നിഷ. സംസ്കാരം പിന്നീട്.