കോട്ടയം: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയംവച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലംഗ സംഘം പിടിയിൽ. തൂക്കുപാലം ചേന്നൻകുളം സി.വി.സജു (44), പുഷ്പകണ്ടം മേലേടത്ത് ഇല്യാസ് (38), കൊല്ലം കടക്കൽ പാറവിലയിൽ റെജീബ് ( 32), പാറയിൽ ഷെമിം (28) എന്നിവരെയാണ് നെടുങ്കണ്ടം സി.ഐ റെജി എം.കുന്നിപ്പറമ്പൻ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബാലൻപിള്ള സിറ്റിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വള പണയം വയ്ക്കാൻ ശ്രമിക്കുമ്പോൾ സംശയം തോന്നിയ മാനേജർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സജു, ഇല്യാസ് എന്നിവരെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു. ഇന്നലെ ഇല്യാസിന്റെ വീട്ടിൽ നിന്നാണ് റെജിബ്, ഷെമിം എന്നിവരെ പൊക്കിയത്.
ബുധനാഴ്ച വലിയതോവാള സർവീസ് സഹകരണ ബാങ്കിന്റെ മുണ്ടിയെരുമ ശാഖയിൽ നിന്ന് ആറ് വളകൾ പണയപ്പെടുത്തി 1,17,000 രൂപ തട്ടിച്ചെടുത്തിരുന്നു. തുടർന്ന് ബാലഗ്രാം സർവീസ് സഹകരണ ബാങ്കിൽ നിന്ന് അറ് വളകൾ പണയപ്പെടുത്തി 1,30,000 രൂപയും കൈക്കലാക്കി. 20 ശതമാനം സ്വർണം പൂശിയ ചെമ്പ് വളകളായിരുന്നു ഇത്.
സജുവാണ് മുക്കുപണ്ടം പണയപ്പെടുത്താൻ ബാങ്കിലെത്തിയത്. സംസ്ഥാന വ്യാപകമായി ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.