യുവതിയുടെ നില അതീവ ഗുരുതരം
കുഴിത്തുറ: വിവാഹാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിന് രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൂലിപ്പണിക്കാരൻ ആത്മഹത്യ ചെയ്തു. കണ്ണിലും മുഖത്തും ആസിഡ് വീണ് പൊള്ളിയ യുവതിയുടെ നില അതീവ ഗുരുതരമാണ്. ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഗിരിജ.
തിരുവട്ടാർ സ്വദേശി ജോൺ റോസ് (35) ആണ് വിധവയും നാട്ടുകാരിയുമായ ഗിരിജയെ (35) ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ചയായിരുന്നു ആക്രമണം. ഗിരിജയുടെ ഭർത്താവ് ഒരു കൊല്ലം മുമ്പാണ് മരിച്ചത്. ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ട് പെൺമക്കളാണ് ഗിരിജയ്ക്ക്. ഭർത്താവിന്റെ മരണശേഷം കൂലിവേലയെടുത്ത് ജീവിക്കുകയായിരുന്നു.
ജോൺ റോസുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നതായും പറയുന്നു. ഗിരിജയോട് ഇയാൾ പലതവണ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും വഴങ്ങിയില്ല. ശല്യം കൂടിയപ്പോൾ ഗിരിജ ജോൺ റോസിനെതിരെ പൊലീസിൽ പരാതി കൊടുത്തു. ഇതിൽ ക്ഷുഭിതനായ ജോൺ ഗിരിജയുടെ നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വിഷം കഴിച്ചു. മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു മരണം.