politics

നെടുമങ്ങാട്: വേനൽ കടുത്തതോടെ അരുവിക്കരയുടെ കുളിരു തേടി എത്തുന്ന സന്ദർശകരുടെ എണ്ണം ഏറുന്നു. രണ്ടാഴ്ചക്കിടെ പതിനായിരത്തോളം പേർ സന്ദർശിച്ചതായാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ, വിനോദ സഞ്ചാരത്തിനു ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ ഇനിയും തയാറായിട്ടില്ല. അപകടകരമായ കാണാക്കയങ്ങളുള്ള പ്രദേശമാണ് ഇവിടം. കൂടാതെ അപകടഭീതി ഉയർത്തുന്ന വഴുക്കൻപാറകളും ഇവിടെ ഉണ്ട്.

ഇത്തരം കയങ്ങളോ പാറക്കെട്ടുകളോ ഒറ്റ നോട്ടത്തിൽ ആരുടേയും ശ്രദ്ധയിൽപ്പെടില്ല. കഴിഞ്ഞ സീസണുകളിൽ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. നിരവധി പേരാണ് ദിവസവും കുട്ടികൾക്കും കുടുംബങ്ങൾക്കുമൊപ്പം അരുവിക്കരയിൽ എത്തുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങൾ മുടക്കി പൂന്തോട്ടവും പാർക്കും ഇവിടെ പണിയാറുണ്ടെങ്കിലും പൊതു ശൗചാലയങ്ങളുടെയും വിശ്രമ സങ്കേതങ്ങളുടെയും ഭക്ഷണശാലകളുടെയും അഭാവം അരുവിക്കരയെ വീർപ്പുമുട്ടിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരങ്ങൾ നിർമ്മാണത്തിലെ അശാസ്ത്രീയതയുടെ പേരിൽ അടച്ചിട്ടിരിക്കുകയാണ്. നദിയിലെ അപകട മുനമ്പുകളിൽ സൂചനാ ബോർഡുകൾ നാട്ടണമെന്നും ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്നും ഏറെക്കാലമായി സന്ദർശകർ ആവശ്യപ്പെടുന്നുണ്ടെകിലും ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ല.