tigar

കാട്ടാക്കട: പിടികൂടി വയനാട്ടിൽ നിന്നെത്തിച്ച കടുവയ്ക്ക് നെയ്യാർ ലയൺ സഫാരി പാർക്കിൽ പരിചരണം. കെണിയിൽപ്പെട്ട കടുവയ്ക്ക് ദീർഘദൂര യാത്രയുടെ അസ്വസ്ഥതകളും, കൂട്ടിൽ അക്രമണകാരിയായപ്പോൾ ഉണ്ടായ നിസ്സാര പരിക്കുകളും ഒഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ പ്രത്യേക വാഹനത്തിലാണ് കടുവയെ ലയൺ സഫാരി പാർക്കിലെത്തിച്ചത്. പത്തുവയസുള്ള പെൺ കടുവയ്ക്ക് 170 കിലോയോളം ഭാരമുണ്ട്. പല്ലുകൾ കൊഴിഞ്ഞ കടുവയ്ക്ക് കാട്ടിൽ വേട്ടയാടാൻ കഴിയാതായതോടെ നാട്ടിലിറങ്ങിയതാകാം എന്നാണ് അധികൃതർ പറയുന്നത്‌. ചൊവ്വാഴ്ച രാത്രിയോടെ വയനാട് ബത്തേരി നായ്ക്കട്ടിക്കടുത്ത് തേലമ്പറ്റയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിവച്ചു പിടികൂടുകയായിരുന്നു. പുലർച്ചെ ജനവാസമേഖലയിലിറങ്ങിയ കടുവ പശുക്കുട്ടിയെ കൊന്നിരുന്നു. തുടർന്നുണ്ടായ പ്രതിഷേധമാണ് കടുവയെ പിടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്‌ .ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ, ചീഫ് വെറ്ററിനറി ഡോക്ടറും വനം വകുപ്പ് ഉദ്യോഗസ്ഥരും കടുവയെ നെയ്യർഡാമിൽ എത്തിച്ച് ഇവിടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ആക്രമണകാരിയായതിനാൽ ഇവിടെ ചികിത്സ നൽകി തിരികെ കാട്ടിലേക്ക് തുറന്നുവിടുകയോ മൃഗശാലയിൽ എത്തിക്കുകയോ ചെയ്യാനാണ് സാദ്ധ്യത.