2016 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയിരിക്കുകയാണ്. വിധി പുറപ്പെടുവിച്ച ബെഞ്ച് തന്നെ റസാഖിന് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാനുള്ള സാവകാശം നൽകി. വിധിപ്രഖ്യാപനം ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിട്ടുമുണ്ട്.
നേരത്തെ സമാനമായ കേസിൽ കണ്ണൂരിൽ അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള മുസ്ളിം ലീഗ് എം.എൽ.എ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പും ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമസഭാംഗമായി തുടരുന്നതിന് അയോഗ്യത കല്പിക്കപ്പെട്ട ഷാജി സുപ്രീംകോടതിയുടെ അവസാന തീർപ്പിനായി കാത്തിരിക്കുകയാണിപ്പോൾ. ഇവ മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസും ഹൈക്കോടതിയിലുണ്ട്. മഞ്ചേശ്വരം സീറ്റിൽ വെറും 85 വോട്ടിന് ജയിച്ച് നിയമസഭയിലെത്തിയ ലീഗിലെ അബ്ദുൽ റസാഖിനെതിരെ എതിർസ്ഥാനാർത്ഥി ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയാണത്. കേസിൽ വിധി വരുംമുമ്പേ അബ്ദുൽ റസാഖ് മരണമടഞ്ഞതിനാൽ പ്രതികൂല വിധി ഉണ്ടായാലും പ്രശ്നമില്ല. കേസ് തുടരുന്നതുതന്നെ സുരേന്ദ്രൻ അത്തരത്തിൽ ആവശ്യമുന്നയിച്ചതുകൊണ്ടാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലും തിരഞ്ഞെടുപ്പിലും നടക്കാറുള്ള ക്രമക്കേടുകളുടെ പേരിലാണ് കൂടുതൽ ഇലക്ഷൻ ഹർജികളും ഉടലെടുക്കുന്നത്. ജനപ്രാതിനിദ്ധ്യ നിയമത്തിലെ കർക്കശമായ വകുപ്പുകളുടെ പരസ്യമായ ലംഘനങ്ങൾ പ്രചാരണ രംഗത്ത് സുലഭമാണ്. എതിർസ്ഥാനാർത്ഥിയുടെ വിലയിടിച്ചുകാണിക്കാൻ എല്ലാ അടവുകളും പയറ്റുന്നത് ഏത് തിരഞ്ഞെടുപ്പിലും പതിവാണ്. എന്നാൽ ജാതി-മതങ്ങളെ കൂട്ടുപിടിക്കുന്നതും അതിലൂടെ വോട്ടർമാരെ സ്വാധീനിക്കുന്നതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ആവേശത്തള്ളിച്ചയിൽ സ്ഥാനാർത്ഥികളും അവരുടെ ആൾക്കാരും ചിലപ്പോൾ ചട്ടവും നിയമവുമൊക്കെ മറന്നുപോകും. എങ്ങനെയും തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങുന്ന അനുയായികളുടെ അമിതോത്സാഹം അപകടത്തിൽ ചാടിക്കുന്നത് സ്വന്തം സ്ഥാനാർത്ഥിയെത്തന്നെയായിരിക്കും. കെ.എം. ഷാജിയുടെയും കാരാട്ട് റസാഖിന്റെയും കാര്യത്തിൽ സംഭവിച്ചതും ഗുരുതരമായ ഇൗ പിഴവുകൾ തന്നെയാണെന്ന് വിധി പ്രസ്താവം നോക്കിയാൽ അറിയാം.
കൊടുവള്ളി മണ്ഡലത്തിൽ കാരാട്ട് റസാഖ് 573 വോട്ടിനാണ് ജയിച്ചത്. മുസ്ളിം ലീഗിൽ പ്രവർത്തിച്ചിരുന്ന കാരാട്ട് റസാഖ് അവർ സീറ്റ് നൽകാതിരുന്നതിനെത്തുടർന്നാണ് ഇടതു സ്വതന്ത്രനായി ലീഗ് സ്ഥാനാർത്ഥി എം.എ. റസാഖിനെതിരെ മത്സരിച്ചത്. പഞ്ചായത്ത് അംഗമായിരിക്കെ എം.എ. റസാഖ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് കാണിച്ചുവെന്ന് സൂചിപ്പിക്കുംവിധം പ്രചാരണ വീഡിയോ മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചുവെന്നായിരുന്നു രണ്ടുവോട്ടർമാർ സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജിയിലുന്നയിച്ച പ്രധാന ആക്ഷേപം. വോട്ടർമാർക്കിടയിൽ എം.എ. റസാഖിനെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ച് പുറത്തിറക്കിയ പ്രചാരണ വീഡിയോ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചിരിക്കുകയാണ്. നേരത്തെ അംഗത്വം റദ്ദാക്കപ്പെട്ട കെ.എം. ഷാജിയുടെ കാര്യത്തിലും ഇതേമട്ടിലുള്ള ആക്ഷേപമാണ് ഉന്നയിക്കപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാനായി ഷാജി വോട്ടർമാർക്കിടയിൽ വർഗീയതയെ കൂട്ടുപിടിക്കുകയും അതിനിണങ്ങുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തുവെന്ന എതിർസ്ഥാനാർത്ഥി നികേഷ് കുമാറിന്റെ ആക്ഷേപം വിചാരണവേളയിൽ കോടതിക്ക് ബോദ്ധ്യമായി.
യുദ്ധത്തിലും പ്രേമത്തിലും എന്തുമാകാമെന്നു പൊതുവേ പറയാറുണ്ട്. അതുപോലെ തിരഞ്ഞെടുപ്പിലും എതിരാളിയെ പരാജയപ്പെടുത്താൻ എന്തുമാകാമെന്ന് വരുന്നത് വിപരീതഫലമാകും സൃഷ്ടിക്കുക. എതിരാളിയെ തേജോവധം ചെയ്യുന്നതും വ്യക്തിഹത്യ നടത്തി കൂടുതൽ സ്വീകാര്യത ഉറപ്പാക്കുന്നതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ കണ്ണിൽപെടാതെതന്നെ ഇതൊക്കെ നടത്താമെങ്കിലും തോറ്റ സ്ഥാനാർത്ഥി പിന്നീട് തിരഞ്ഞെടുപ്പ് ഹർജിയുമായി കോടതിയെ സമീപിച്ച് തെളിവു ഹാജരാക്കിയാൽ സ്വന്തം കസേരയാണ് ഇല്ലാതാവുക എന്നു മുൻകൂട്ടി മനസിലാക്കാനുള്ള വിവേകം സ്ഥാനാർത്ഥികൾക്ക് അവശ്യം ഉണ്ടാകേണ്ടതാണ്. ജനപ്രീതി സമ്പാദിക്കേണ്ടത് എതിരാളികളെ താറടിച്ചുകാണിച്ചോ വർഗീയത കൂട്ടുപിടിച്ചോ ആകരുത്. ഇതൊക്കെ പൊതുവേ പറയാവുന്ന കാര്യമാണെങ്കിലും ഒാരോ തിരഞ്ഞെടുപ്പുകഴിയുമ്പോഴും ജാതി-മത ശക്തികളുടെ ദുഃസ്വാധീനവും ഇടപെടലും വല്ലാതെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നത് യാഥാർത്ഥ്യമാണ്. സ്ഥാനാർത്ഥി നിർണയം മുതൽ അതുകാണാം.
തിരഞ്ഞെടുപ്പ് അസാധുവാക്കിയെങ്കിലും കാരാട്ട് റസാഖിന് സുപ്രീംകോടതി മറിച്ചു തീരുമാനമെടുക്കുന്നതുവരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് വിധിയിൽ പറയുന്നുണ്ട്. എന്നാൽ വോട്ട് ചെയ്യാനോ ആനുകൂല്യങ്ങൾ പറ്റാനോ അവകാശമില്ലാതെ നോക്കുകുത്തി കണക്കെ സഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതുകൊണ്ട് എന്തു ഗുണമാണുള്ളത്. തിരഞ്ഞെടുപ്പ് കേസുകൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ കൂടി ഏർപ്പാടുണ്ടാകണം. രണ്ടരവർഷം സകല അധികാരാവകാശങ്ങളോടുംകൂടി നിയമസഭാംഗമായി ഇരുന്ന ഷാജിയും റസാഖും പെട്ടെന്നൊരു സുപ്രഭാതത്തിലാണ് അയോഗ്യത കല്പിക്കപ്പെട്ട് പുറത്തുപോകേണ്ടിവരുന്നത്. അവർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിലെ ജനങ്ങൾക്കും ഇതോടെ നിയമസഭയിൽ പ്രതിനിധി ഇല്ലാതാവുകയാണ്. അപ്പീൽ തീരുമാനം നീണ്ടുപോയാൽ അത്രയും കാലം സീറ്റ് ഒഴിഞ്ഞുതന്നെ കിടക്കും. ഇതിനുള്ള പരിഹാരം ഇലക്ഷൻ കേസുകൾ വേഗത്തിൽ തീർക്കുക എന്നതുമാത്രമാണ്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ ഇൗയിടെ നിലവിൽ വന്നിരുന്നു. ഒരുവർഷം കൊണ്ട് ഇത്തരം കേസുകളിൽ വിധി പറയണമെന്നും നിഷ്കർഷയുണ്ട്. അതുപോലെ പുതിയ നിയമസഭ നിലവിൽവന്ന് ഒരുവർഷത്തിനകം തന്നെ ഇലക്ഷൻ ഹർജികളിലും തീർപ്പുണ്ടാക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.