bypass

തിരുവനന്തപുരം:രണ്ട് റെയിൽവെ മേൽപ്പാലങ്ങൾ കൂടി തീർന്നാൽ ആലപ്പുഴ ബൈപാസ് പൂർണ്ണമാവും.പണി തീർക്കാൻ മൂന്ന് മാസം ധാരാളം.പക്ഷെ നാല് പതിറ്റാണ്ട് പഴക്കമുള്ള ആലപ്പുഴക്കാരുടെ സ്വപ്നങ്ങൾക്ക് മറ പിടിക്കുന്നത് റെയിൽവെയുടെ മുട്ടാത്തർക്കം. ഇതിന് പരിഹാരമുണ്ടാക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർദ്ധനറാവു തിങ്കളാഴ്ച ഡെൽഹിക്ക് പോകും.

 പാത ഇങ്ങനെ

കളർകോട് മുതൽ കൊമ്മാടി വരെ 6.8 കിലോമീറ്റർ നീളത്തിലുള്ള ബൈപാസിൽ 3.2 കിലോമീറ്ററും മനോഹരമായ ആലപ്പുഴ ബീച്ച് വഴിയാണ്.

11 മീറ്റർ ഉയരത്തിലുള്ള എലിവേറ്റഡ് പാത(തൂണുകളിൽ ഉയർന്ന് നിൽക്കുന്നത്)യാണ് ഇത്.

ഇതിൽ മാളികമുക്കിലും(ബാപ്പുവൈദ്യർ ജംഗ്ഷൻ) കുതിരപ്പന്തിയിലുമാണ് റെയിൽവെ മേൽപ്പാലങ്ങൾ.

പാലത്തിന്റെ നിർമ്മാണത്തിന് ട്രെയിനുകൾക്ക് വേണ്ടിയുള്ള ഇലക്ട്രിക് ലൈൻ ഉയരം കുറച്ച് സ്ഥാപിക്കേണ്ടതുണ്ട്.

ഏറെ കാത്തിരിപ്പിന് ശേഷം റെയിൽവെ സേഫ്റ്റി കമ്മീഷന്റെ അനുമതി കിട്ടിയതിനാൽ ഇതിന്റെ ജോലികൾ തുടങ്ങിക്കഴിഞ്ഞു.

 തടസം

കേന്ദ്ര ഉപരിതലഗതാഗത വകുപ്പും റെയിൽവെ ബോർഡും തമ്മിൽ ധാരണാ പത്രം ഒപ്പുവയ്ക്കേണ്ടതാണ് അടുത്ത ഘട്ടം.മെയിന്റനൻസ് ചാർജ്ജ് ഇനത്തിൽ 7.13 കോടി റെയിൽവെ ബോർഡിന് കരാറുകാരൻ അടയ്ക്കണം

.ഈ തുക അടയ്ക്കുന്നതിലെ അവ്യക്തതയാണ് നിർമ്മാണത്തിനുള്ള ഇപ്പോഴത്തെ തടസം.

സർക്കാരിന്റെ ജോലികൾക്ക് ഈ ചാർജ്ജ് അടയ്ക്കേണ്ടതില്ലെന്ന് ചട്ടമുണ്ട്.

അതിൻപ്രകാരം തുക അടയ്ക്കുന്നത് ഒഴിവാക്കിക്കൊണ്ട് എൻ.എച്ച് വിഭാഗം ചീഫ് എൻജിനിയർക്ക് 2017-ൽ റെയിൽവെ അധികൃതരുടെ കത്തു കിട്ടിയതാണ്. എന്നാൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവെ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ (ബ്രിഡ്ജസ്) നിർദ്ദേശം വന്നതോടെ കാര്യങ്ങൾ വീണ്ടും കുഴങ്ങി.

തുക അടയ്ക്കുന്നത് ഒഴിവാക്കണമെന്ന് കാട്ടി പൊതുമരാമത്ത് സെക്രട്ടറി പലതവണ കത്ത് അയച്ചിട്ടും മറുപടിയില്ല

 മന്ത്രിയുടെ നിലപാട്

.തുക റെയിൽവെ ഒഴിവാക്കി തരുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ തന്നെ പണമടച്ച് പണി വേഗത്തിൽ തീർക്കണമെന്നതാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാട്. മന്ത്രിയുടെ നിർദ്ദേശാനുസരണമാണ് പൊതുമരാമത്ത് സെക്രട്ടറി ഡെഹിക്ക് പോകുന്നത്.

 നാലു പതിറ്റാണ്ട് പഴക്കമുള്ള സ്വപ്നം

കേന്ദ്രത്തിൽ ജനതാപാർട്ടി അധികാരത്തിലുള്ളപ്പോൾ ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ.പി.ഉണ്ണികൃഷ്ണനാണ് ബൈപാസിന് ശിലയിട്ടത്. കുപ്പിക്കഴുത്തുപോലുള്ള റോഡുകളാൽ സമൃദ്ധമായ ആലപ്പുഴ നഗരത്തിൽ ഭാവിയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ ഏക പോംവഴിയായതിനാൽ നാട്ടുകാരും സന്തോഷിച്ചു. പക്ഷെ അന്നത്തെ നീക്കം തറക്കല്ലിലൊതുങ്ങി. പിന്നീട് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ റോഡിന്റെ നിർമാണത്തിന് വീണ്ടും തറക്കല്ലിട്ടു.തുടർന്നുള്ള ഓരോ ഘട്ടത്തിലും പലവിധ തടസങ്ങളയർന്നു.2013 ൽ സംസ്ഥാന സർക്കാരും 2014 കേന്ദ്രവും അംഗീകരിച്ച പദ്ധതിയുടെ എസ്റ്രിമേറ്റ് 255.75 കോടിയായിരുന്നു.2015 ൽ കരാർ എഗ്രിമെന്റ് വച്ചപ്പോൾ ഇത് 274.39 കോടിയായി ഉയർത്തി.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 12 ശതമാനത്തോളം ജോലികൾ നടന്നു.കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് തുല്യ സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതി ഇ.പി.സി(എൻജിനിയറിംഗ് പ്രൊക്വയർമെന്റ് കൺസ്ട്രക്ഷൻ) മാതൃകയിലാണ് നടപ്പാക്കുന്നത്.