kadakampally-surendran

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിധിക്കു ശേഷം വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത 51 യുവതികൾ എത്തിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തെറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 16 ലക്ഷം പേരാണ് വെർച്വൽ ക്യൂവിൽ ഒാൺലൈനായി ബുക്ക് ചെയ്തത്. 8.2 ലക്ഷം പേർ എത്തി. ബുക്ക് ചെയ്തവരിൽ 7564 പേർ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരുന്നു. ഇവരിൽ 51പേർ ശബരിമലയിൽ എത്തിയെന്ന് രേഖകളിൽ വ്യക്തമായ കാര്യമാണ് സുപ്രീം കോടതിയെ അറിയിച്ചതെന്നും വാ‌ർത്താസമ്മേളനത്തിൽ മന്ത്രി വിശദീകരിച്ചു.

എത്ര യുവതികൾ എത്തിയെന്നത് പരിശോധിച്ചിട്ടില്ല. ലിസ്റ്റിലെ 51യുവതികളും ദർശനം നടത്തിയോ എന്ന ചോദ്യത്തിന്, അത് എങ്ങനെ ഉറപ്പാക്കാനാവും എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാനും യുവതികൾ എത്തുന്നത് തടയാനും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങൾ സെപ്തംബർ 28ലെ സുപ്രീംകോടതി വിധിയെ തുടർന്ന് ഒഴിവാക്കിയിരുന്നു. ഒാൺലൈനിൽ രജിസ്റ്റർ ചെയ്യാതെ എത്ര യുവതികൾ എത്തിയെന്നതിന് കണക്കില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗ്ഗയും ഒാൺലൈനിൽ രജിസ്റ്റർ ചെയ്ത് വന്നവരല്ലെന്നും മന്ത്രി പറഞ്ഞു.