mata-amritanandamayi

തിരുവനന്തപുരം: ലോകത്തെത്തന്നെ വിലയ്ക്കു വാങ്ങാനുള്ള പണമുണ്ടായിട്ടും ഉടുതുണി പോലും കൈയിലെടുക്കാനാകാതെ ജീവൻ രക്ഷിക്കാൻ ഓടുന്ന തരത്തിൽ കേരളീയരെ എത്തിച്ച പ്രളയം വലിയ പാഠമാക്കണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. കൈമനം ആശ്രമത്തിൽ ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായ സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു അമ്മ.

എന്തെല്ലാം സുഖസൗകര്യങ്ങളുണ്ടായാലും കരുണയും സ്നേഹവുമില്ലാത്ത മനസ്സാണെങ്കിൽ ഒരു ഉപയോഗവുമില്ല. സന്തോഷത്തിനും സംതൃപ്തിക്കും പണം മാത്രം പോരാ, സംസ്‌കാരവും മൂല്യങ്ങളും കൂടി വേണം. പ്രകൃതിയേയും മണ്ണിനേയും മരങ്ങളേയും സംരക്ഷിച്ചും, അവയെ സംരക്ഷിക്കാൻ പുതിയ തലമുറയെ ഉപദേശിച്ചും മുന്നോട്ടു പോവുകയാണ് ലോക നന്മയ്‌ക്ക് ആവശ്യം.

അപകടകാരിയായ യജമാനനാണ് സാങ്കേതികവിദ്യ. നമ്മൾ സൃഷ്ടിച്ച യന്ത്രങ്ങൾക്ക് നമ്മൾതന്നെ അടിമകളാകരുത്. കൊല്ലെന്റെ ആലയിലെ ഇരുമ്പ് കൈകൊണ്ട് എടുത്ത് ദൂരേക്കെറിയാൻ ശ്രമിക്കുന്നതു പോലെയാണ് അത്. എടുക്കുന്നവനു പൊള്ളും. വീഴുന്നിടത്ത് നാശം വിതയ്ക്കുകയും ചെയ്യും.

പലരും ഇന്റർനെറ്റിനും മൊബൈൽഫോണിനും അടിമകളാകുന്നു.സാങ്കേതികവിദ്യയ്ക്കൊപ്പം പക്വത കൂടി വള‌ർന്നില്ലെങ്കിൽ ദോഷമാണ് അധികം സംഭവിക്കുക.

എല്ലാവർക്കും കാഴ്ചയുണ്ടെങ്കിലും കാഴ്ചപ്പാടില്ല. നമ്മുടെ പൂർവികർക്ക് സമഗ്രമായ വീക്ഷണമുണ്ടായിരുന്നു. അവരുടെ തീരുമാനങ്ങൾ സമൂഹത്തിന്റെ നന്മയെ നിലനിർത്തിക്കൊണ്ടായിരുന്നു. ഇന്ന് പലരും മറ്റുള്ളവർക്കായി ഇടം കൊടുക്കുന്നതിനു പകരം വസ്തുക്കൾക്കു വേണ്ടി മാത്രം ഇടംകൊടുക്കുന്നു. ഇന്നത്തെ സ്‌നേഹം ഒരു വസ്തുവിനു പിറകേയാണ്. അതുകൊണ്ട് സ്‌നേഹത്തിന്റെ മാധുര്യം നുകരാൻ ആർക്കും കഴിയുന്നില്ലെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

ചിന്തകളെ നിയന്ത്രിക്കാൻ ധ്യാനിക്കണം.അപ്പോഴാണ് അറിവിന്റെ കാണാപ്പുറങ്ങൾ ദർശിക്കാനാകുന്നത്. ഈശ്വരസ്‌നേഹം ഉള്ളിൽ ഉണരുമ്പോൾ ലൗകികബന്ധങ്ങൾ ഈശ്വരോന്മുഖമാകും. എന്തു നേടാൻ കഴിഞ്ഞുവെന്നതല്ല,​ എത്ര കൊടുക്കാൻ കഴിഞ്ഞു എന്നതാണ് ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നതെന്നും ഭക്തരോടായി അമ്മ പറഞ്ഞു.

20ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ പങ്കെടുത്ത ശേഷം മാതാ അമൃതാനന്ദമയി മധുര ബ്രഹ്മസ്ഥാനത്തേക്കു പോകും.