sc

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സ‌ർക്കാരിനെ ഏറ്റവും ഒടുവിൽ വെട്ടിലാക്കിയ സത്യവാങ്മൂലത്തിനു പിന്നിൽ പൊലീസിന്റെ അമിതാവേശവും വെർച്വൽ ക്യൂ സംവിധാനം ഒരുക്കിയ കമ്പനിയുടെ സോഫ്‌ട്‌വെയർ പിഴവും.

വെർച്വൽ ക്യൂവിലേക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരുടെ ആധാർ വിവരങ്ങൾ പരിശോധിക്കാതെ, ടെക്നോപാർക്കിലെ കമ്പനിയുടെ സോഫ്‌ട്‌വെയർ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് ശബരിമലയിൽ എത്തിയ സ്ത്രീകളുടെ പട്ടിക ഉൾപ്പെടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ തയ്യാറാക്കിയതെന്ന് വ്യക്തമായി.

സത്യവാങ്മൂലത്തിൽ പറയുന്ന 51 പേരുടെ പട്ടിക തയ്യാറാക്കിയത്. ഒരു അഡി. ഡി.ജി.പി ആണ്. ആധാർ സെർവറിലെ വിവരങ്ങൾ പരിശോധിക്കാൻ കഴിയുമായിരുന്നെങ്കിലും, അതിനു മുതിരാതെ സോഫ്‌ട് വെയറിലെ വിവരങ്ങൾ മാത്രം ആശ്രയിച്ചതുകൊണ്ടാണ് പുരുഷന്മാരും 50 കടന്ന സ്ത്രീകളുമെല്ലാം യുവതികളായി പട്ടികയിൽ പ്രത്യക്ഷപ്പെട്ടത്.

ടെക്നോപാർക്കിലെ കമ്പനി വെർച്വൽ ക്യൂവിനുള്ള സോഫ്‌‌റ്റ്‌വെയ‌ർ തയ്യാറാക്കിയത് 27ലക്ഷം രൂപയ്ക്കാണ്. ദർശനത്തിനുള്ള ബുക്കിംഗിനൊപ്പം കെ.എസ്.ആർ.ടി.സിയിൽ നിലയ്ക്കൽ മുതൽ പമ്പയിലേക്കും, തിരിച്ചുമുള്ള യാത്രാ ടിക്കറ്റ് കൂടി സോഫ്‌ട്‌വെയറിൽ ലഭ്യമാക്കും എന്നായിരുന്നു ധാരണ. ടിക്കറ്റനുള്ള ഓൺലൈൻ പേമെന്റിന് ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകേണ്ടതിനാൽ രജിസ്റ്റർ ചെയ്യുന്നയാളുടെ വിവരങ്ങൾ തത്സമയം ലഭിക്കുന്നതുകൊണ്ട് പിന്നീടുള്ള പരിശോധന വേണ്ടിവരില്ലായിരുന്നു. എന്നാൽ ടിക്കറ്റെടുക്കാനുള്ള സോഴ്സ് കോഡിന് 10 ലക്ഷംരൂപ അധികം നൽകണമെന്ന ടെക്നോപാർക്ക് കമ്പനിയുടെ ആവശ്യം സർക്കാർ തള്ളിയതോടെ ടിക്കറ്റെടുപ്പ് വേറെയാക്കി.

ടെക്നോപാർക്ക് കമ്പനിയുടെ സോഫ്‌ട്‌വെയറിൽ പ്രായം ഉൾപ്പെടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ പിശകുണ്ടെന്ന് പൊലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നതാണ്. ട്രയൽഘട്ടത്തിൽ തന്നെ പിഴവു കണ്ടതോടെ വെർച്വൽ ക്യൂ രജിസ്ട്രേഷന് 10 രൂപ ഫീസ് ഏർപ്പെടുത്താൻ പൊലീസ് സർക്കാരിന്റെ അനുമതി തേടിയെങ്കിലും അതു തള്ളി. രജിസ്ട്രേഷന് ഓൺലൈൻ പേയ്‌മെന്റ് ഉണ്ടായിരുന്നെങ്കിൽ അപേക്ഷാ വിവരങ്ങളിൽ നിന്ന് പ്രായപരിധി സെർച്ച് ചെയ്തു കിട്ടുന്ന വിവരങ്ങൾ ഒത്തു നോക്കി പിഴവുകൾ ഒഴിവാക്കാമായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ഓൺലൈൻ ടിക്കറ്റിംഗ് നടത്തുന്ന ഹൈദരാദാബിലെ അഭി ബസ് കമ്പനി കുറഞ്ഞ നിരക്കുമായി സമീപിച്ചെങ്കിലും പുന:പരിശോധനയ്ക്ക് പൊലീസ് തയ്യാറായുമില്ല.

''സത്യവാങ്മൂലത്തിൽ പിശകില്ല. രജിസ്ട്രേഷനായു വേണ്ടി നൽകിയ രേഖകൾ പ്രകാരമുള്ള വയസാണ് സത്യവാങ്മൂലത്തിലുള്ളത്. രജിസ്റ്റർ ചെയ്ത 6949 യുവതികൾ ഭീഷണി കാരണം പിന്മാറുകയായിരുന്നു. ഭീഷണി ഭയന്ന് ദർശന വിവരം യുവതികൾ മറച്ചുവയ്ക്കുകയാണ്''

ലോക്‌നാഥ് ബെഹംറ

പൊലീസ്‌ മേധാവി