kanjah

വെള്ളറട: നാടെങ്ങും ലഹരിക്കെതിരെ പ്രചരണങ്ങൾ നടക്കുമ്പോൾ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലും ലഹരി വസ്തുക്കളുടെ കച്ചവടം തകൃതിയായി നടക്കുകയാണ്. മലയോരമേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രികരിച്ച് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെ സുലഭമാണ്. വെള്ളറട, ആറാട്ടുകുഴി, പനച്ചുമൂട്, ചെറിയകൊല്ല, കാരക്കോണം, കമ്മുമാംമൂട് പ്രദേശങ്ങൾ ലഹരിവസ്തുക്കളുടെ പിടിയിലാണ്. ഇതിർത്തിവഴി യാതോരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പടെ വ്യാപാരത്തിനായി എത്തുന്ന സംഘങ്ങളുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളാണ്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്ന് എക്സൈസിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്നാൽ കച്ചവടസംഘത്തിലെ പ്രധാന കണ്ണിയെകണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളിൽ ആത്മഹത്യാ പ്രവണത വ‌ർദ്ധിക്കുകയാണ്. കഞ്ചാവിന്റെ അടിമകളാകുന്നതിൽ ഏറെയും യുവാക്കളായതിനാൽ ഇവർക്കാവശ്യമായി ബോധവത്കരണം നല്കിയില്ലെങ്കിൽ മലയോരമേഖല കഞ്ചാവിന്റെ പിടിയിലാകുമെന്നതിൽ സംശയമില്ല.

ലഹരിവസ്തുക്കളുടെ അടിമകളാകുന്ന വിദ്യാർത്ഥികളെ പല വാഗ്ദാനങ്ങളും നല്കി വ്യാപാരത്തിനും ഉപയോഗിക്കുന്നുണ്ട്. ഒപ്പം കൂടുതൽ വിദ്യാർത്ഥികലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്ക് എത്തിക്കാനും ഇവരെ ഉപയോഗിക്കുന്നുണ്ട്. സ്കൂൾ പരിസരങ്ങളിൽ രഹസ്യമായി വിദ്യാർത്ഥികലെക്കൊണ്ടുതന്നെ രഹസ്യമായി ആവശ്യക്കാർക്ക് പൊതിരൂപത്തിൽ എത്തിക്കുന്നവരും ഉണ്ട്.

കോളനികൾ കേന്ദ്രീകരിച്ചും വൻ കഞ്ചാവ് വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായും നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഇരുചക്രവാഹനത്തിലുള്ള മരണപ്പാച്ചിലിൽ പൊറുതിമുട്ടി കഴിയുകയാണ് പലരും. യുവാക്കളെ ആകർഷിക്കാൻ യുവതികളെ വില്പനയ്ക്കിറക്കിയതായും ആക്ഷേപമുണ്ട്. കച്ചവടസംഘങ്ങളെ പേടിച്ച് പലരും പുറത്ത് പറായാറില്ലെന്നു മാത്രം. രാത്രിയായാൽ ഇരുട്ടിന്റെ മറവിൽ കച്ചവടക്കാർ സംഘടിക്കുന്നതും പതിവാണ്.

നിരോധിത പുകയിലയുടെ ആവശ്യക്കാരും ഇവിടെയുണ്ട്. പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതിലാണ് കച്ചവടം നടത്തുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പോലും നിരോധിത പുകയില ഉത്പന്നങ്ങൾ കൂടിയവിലയ്ക്ക് നൽകി ലാഭംകൊയ്യുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകുകയാണ്. വെള്ളറട സ്റ്റേഷനിൽ പുതിയതായി എസ്.ഐ ചാർജെടുത്തിട്ട് രണ്ട് മാസമേ ആകുന്നുള്ളു. എന്നാൽ എസ്.ഐ ചാർജെടുത്തതിന് ശേഷം നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ ഒൻപതോളം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരി വസ്തുക്കളുടെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം കൂടിയതോടെ വ്യാപകമായ പരിശോധനകളും അധികൃതർ ആരംഭിച്ചു. ലഹരി വിരുദ്ധദിനമായ ഇന്നലെ പൊലീസ് സംയുക്തമായി നിരവധി റെയ്ഡുകൾ സംഘടിപ്പിച്ചു. ഇതിൽ പൊതുസ്ഥലങ്ങളിൽ നിന്നും ലഹരി ഉപയോഗിച്ചതിന് നാലുപേർക്ക് പിഴ ചുമത്തുകയും ചെയ്തു.