വിതുര: പാലോട്- വിതുര റോഡിൽ ചെറ്റച്ചൽ മുതൽ നന്ദിയോട് വരെയുള്ള റേഡി തകർന്നതോടെ ഇവിടുത്തെ കുഴിയിൽ വീണ് അപകടങ്ങളുടെ എണ്ണവും കൂടി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇതുവഴി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും റോഡിൽ പണിമുടക്കുന്നത് നിത്യമാണ്.
റോഡിന്റെ ശോച്യാവസ്ഥ നിമിത്തം ഇതുവഴി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കേടായി വഴിയിലാകുക പതിവാണ്. മാത്രമല്ല ഗട്ടറുകളിൽ വീണ് കുലുങ്ങുന്നതുമൂലം യാത്രക്കാർ ബസിനകത്തും പുറത്തും തെറിച്ചുവീഴുന്നതും പതിവാണ്. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുക പതിവായി മാറിയിട്ടുണ്ട്. ദിവസങ്ങൾ കഴിയും തോറും ഗട്ടറുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഒപ്പം അപകടങ്ങളുടെ എണ്ണവും. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അനവധി തവണ നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രധാന റോഡ് ഇത്രയും തകർന്നുകിടന്നിട്ടും ഗതാഗത യോഗ്യമാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. റോഡ് ഉടൻ ടാറിംഗ് നടത്തി യാത്ര സുഗമമാക്കിയില്ലെങ്കിൽ പൊതുതിരഞ്ഞെടുപ്പ് ബഹിഷ്ക്കരണം നടത്തുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
മഴക്കാലമായാൽ ഇതുവഴി സഞ്ചരിക്കാൻ പോലും കവിയില്ല. വിതുര,പെരിങ്ങമ്മല ഇക്ബാൽകോളജ്, ജവഹർ നവോദയാവിദ്യാലയം, ചെറ്റച്ചൽ ജഴ്സിഫാം, നന്ദിയോട്, പാലോട്, മടത്തറ, കുളത്തൂപ്പുഴ, തെൻമല, തെങ്കാശ്ശി എന്നിവിടങ്ങലിലേക്കായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. റോഡിന്റെ തകർച്ച മൂലം സ്വകാര്യവാഹനങ്ങൾ സർവീസ് നടത്തുവാൻ വിമുഖത കാട്ടുകയാണ്. കാൽനടയാത്രപോലും അസാദ്ധ്യമായതായും പരാതി ഉയർന്നിട്ടുണ്ട്.
നന്ദിയോട്-ചെറ്റച്ചൽ റോഡ് ആധുനികനിലവാരത്തിൽ നവീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 45 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പരാതി. ടെൻഡർ നടപടികളുടെ പ്രാരംഭപ്രവർത്തനങ്ങൾ ആയെങ്കിലും പിന്നട് നിർമ്മാണത്തിനുള്ള നടപടികളൊന്നുമായില്ല.
വർഷങ്ങളായ് തകർന്ന് തരിപ്പണമായി കിടക്കുന്ന ചെറ്റച്ചൽ-നന്ദിയോട് റോഡ് അടിയന്തരമായി ടാറിംഗ് നടത്തി അപകടങ്ങൾക്കും യാത്രാതടസ്സത്തിനും തടയിടണമെന്ന് ഫെഡറേഷൻസ് ഒഫ് റസിഡന്റ് അസോസിയേഷൻ (ഫ്രാറ്റ്) വിതുര മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധമുൾപ്പടെയുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രാറ്റ് ഭാരവാഹികളായ ജി. ബാലചന്ദ്രൻനായർ, തെന്നൂർഷിഹാബ്, കെ. രഘു, ചായംസുലോചനൻനായർ, ബാലകൃഷ്ണൻനായർ എന്നിവർ അറിയിച്ചു.