തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ എത്തിയെന്ന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പട്ടിക സുപ്രീംകോടതിയിൽ നൽകി സംസ്ഥാന സർക്കാർ സ്വയം അപഹാസ്യമായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇടതുസർക്കാർ ഇതിലൂടെ തങ്ങളുടെ കഴിവുകേട് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ചെയ്തത്. ശബരിമല പ്രശ്നത്തിൽ രാഷ്ട്രീയ മുതലെടുപ്പു മാത്രം ലക്ഷ്യമിടുന്ന സി.പി.എമ്മും ഇടതു സർക്കാരും വീണ്ടും ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അധികാരവും സമ്പത്തും ദുരുപയോഗം ചെയ്ത് വനിതാമതിൽ നിർമ്മിച്ചിട്ടും രാഷ്ട്രീയലാഭം നേടാൻ സാധിച്ചില്ലെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നീരീക്ഷണത്തെ തുടർന്നാണ് സുപ്രീംകോടതിയിൽ ഇത്തരം സത്യവാങ്മൂലം നൽകിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.