vennichira

കിളിമാനൂർ: ചരിത്രമുറങ്ങുന്ന വെണ്ണിച്ചിറകുളം നീന്തൽ താരങ്ങളെ സൃഷ്ടിച്ച് പുതു ചരിത്രം രചിക്കാൻ ഒരുങ്ങുന്നു. 2016ലാണ് ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ കിളിമാനൂരിന്റെ നേതൃത്വത്തിൽ ഷാർക്ക് അക്വാട്ടിക് ക്ലബ്ബ് രൂപീകരിച്ച് സമീപ പ്രദേശത്തുള്ളവർക്കായി നീന്തൽ പരിശീലന കേന്ദ്രം ആരംഭിച്ചത്. അറുപത്തഞ്ചോളം കുട്ടികളും മുതിർന്നവരും ഇവിടെ പരിശീലനത്തിൽ ഏർപ്പെടുന്നുണ്ട്.

സംസ്ഥാന ചാമ്പ്യനും, ബി.എസ്.എൻ.എൽ പരിശീലകനുമായ സുനിൽ കുമാർ, റെയിൽവേ താരം സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ഇവിടെ പരിശീലനം നേടിയ 5 പേർക്ക് എയർ ഫോഴ്സ്, ആർമി, ഫയർഫോഴ്സ് എന്നിവയിൽ തൊഴിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന തലത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. വെണ്ണിച്ചിറ കുളത്തെ ദേശീയ നിലവാരത്തിൽ ഉയർത്തുന്നതിനായി 2.5 കോടി രൂപ ചിലവിട്ട് നവീകരണ പ്രക്രിയ നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ബി.പി.മുരളി അറിയിച്ചു. ആദ്യ ഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ നടന്നുവരികയാണ്.

 ചരിത്രം ഇവിടെ ഉറങ്ങുന്നു

രാജഭരണകാലഘട്ടത്തിൽ പോങ്ങനാട് വെണ്ണിച്ചിറയിൽ സ്ഥാപിച്ച രണ്ടര ഏക്കറോളം വരുന്ന കുളമാണ് ഇത്. രാജ ഭരണകാലത്ത് ഈ ഭാഗത്തുണ്ടായിരുന്ന പൊതു ചന്തയിലാണ് അടയമൺ കടയ്ക്കൽ ഭാഗങ്ങളിൽ നിന്നും ഉള്ള കർഷകരും വ്യാപാരികളും കച്ചവടം നടത്തിയിരുന്നത്. അക്കാലത്ത് കർഷകർക്ക് കുളിക്കാനും തലച്ചുമടുകൾ ഇറക്കി വയ്ക്കുന്നതിന് ഭാരം താങ്ങികളും ഇവിടെ സ്ഥാപിച്ചിരുന്നു. പാലി ലിപിയിൽ ചുവടു താങ്ങിയിൽ മഹാരാജാവിന്റെ ശാസനങ്ങളും ആലേഖനം ചെയ്തിരുന്നു. പിൽക്കാലത്ത് അവയൊക്കെ അപ്രത്യക്ഷമായി. രാജഭരണം അവസാനിച്ചതോടെ വെണ്ണിച്ചിറയിലെ ചുമടുതാങ്ങി ഉൾപ്പെടെയുള്ള അവശേഷിപ്പുകൾ നാശത്തെ നേരിടുകയും, പൊതു ചന്ത പോലും പോങ്ങനാട്ടേക്ക് മാറുകയും ചെയ്തു. ഇപ്പോൾ രണ്ടര ഏക്കറോളം, വരുന്ന കുളം മാത്രമാണ് അവശേഷിക്കുന്നത്. ചുറ്റുവട്ടത്തുള്ള രണ്ട് ഏക്കറോളം വരുന്ന കുളം പുറമ്പോക്ക് ഭൂമി അന്യാധീനപ്പെട്ട നിലയിലാണ്.