sabarimala

തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ച റിപ്പോർട്ട് ബോർഡിന്റേതല്ലെന്ന് ദേവസ്വം മന്ത്രിയും ബോർഡ് അംഗവും പ്രതികരിച്ചപ്പോൾ കൂടുതൽ അഭിപ്രായം പറയാൻ പ്രസിഡന്റ് വിസമ്മതിച്ചു. പനി ബാധിച്ച് കിടപ്പായതിനാൽ ഇതേക്കുറിച്ച് കൂടുതൽ അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നുമാണ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞത്.

സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ നൽകിയത് ദേവസ്വംബോർഡോ ദേവസ്വം വകുപ്പോ കൊടുത്ത കണക്കല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്ത പൊലീസ് കൊടുത്ത പട്ടികയാണത്.

ഓൺലൈൻ രജിസ്ട്രേഷന് ചില രേഖകൾ നിർബന്ധമുണ്ട്. അതിൽ നിന്നുള്ള വിവരമാവാം. ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ.

ഇങ്ങനെയൊരു കണക്കിനെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് പറ‌ഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായത്തെക്കുറിച്ചും എണ്ണത്തെക്കുറിച്ചും അറിയാനുള്ള സംവിധാനമൊന്നും ഇപ്പോൾ ബോർഡിനില്ല.