മലയിൻകീഴ്: "സേവ് ആലപ്പാടി"നായി വിളപ്പിൽശാല കീഴതുനട സന്ധ്യാ ഭവനിൽ ശ്രീകുമാറിന്റെ മകൻ ശ്യാംകുമാർ(17) ഒറ്റകാലിൽ സൈക്കിൾ ചവിട്ടി ആലപ്പാടെത്തി. ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സമൂഹമാധ്യമം വഴി ആലപ്പാട്ടേക്ക് സൈക്കിൾ യാത്രയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ശ്യാംകുമാർ ക്രിത്രിമ കാൽ പെഡലിൽ അമർത്തി സ്പോർട്സ് സൈക്കിളിൽ ദൂരങ്ങൾ താണ്ടി എത്തിയത്.
ജനിച്ച് 19-ാം ദിവസം മുതൽ ശസ്ത്രക്രീയകൾക്ക് വിധേയനായ ശ്യാംകുമാറിന് 17 വയസിനിടെ ചെയ്തത് പതിമൂന്ന് ശസ്ത്രക്രീയകൾ. വലിപ്പമേറിയ വലതു വൃക്ക, നട്ടെല്ലിൽ ട്യൂമർ, വലതുകാൽ നടുവിനോട് ഒട്ടിച്ചേർന്ന നിലയിൽ. പിറന്നാളുകൾ മിക്കതും ശ്യാംകുമാർ ആശുപത്രി കിടക്കയിലാണ് ആഘോഷിച്ചത്. ശസ്ത്രക്രീയകൾ നടത്തിയിട്ടും മുതുകിൽ ഒട്ടിച്ചേർന്ന വലംകാൽ വേർപെടുത്താനായില്ല. തുടർന്ന് എട്ടാം വയസിൽ മുട്ടിന് കീഴ്പ്പോട്ട് മുറിച്ചു മാറ്റുകയായിരുന്നു. മൂത്രനാളി വികസിപ്പിക്കാൻ, വൃക്കയുടെ തകരാർ പരിഹരിക്കാൻ, നട്ടെല്ലിലെ ട്യൂമർ മുറിച്ചുമാറ്റാൻ അങ്ങനെ നീളുന്നു ശ്യാമിനു നടത്തിയ ശസ്ത്രക്രീയകളുടെ പട്ടിക. വൃക്കയുടെ തകരാർ പരിഹരിക്കാൻ ഇനിയും തിയതി നിശ്ചയിക്കാത്ത മറ്റൊരു ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സൈക്കിൾ യാത്ര. ശസ്ത്രക്രീയകൾ അതിന്റെ വഴിക്ക് നടക്കുമെന്നും സൈക്കിൾ സവാരി മുടക്കാനാവില്ലെന്നാണ് ശ്യാംകുമാർ പറയുന്നത്. അന്തർദേശീയ തലത്തിൽ ഭിന്നശേഷിക്കാരുടെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കണമെന്നതാണ് ശ്യാംകുമാറിന്റെ ആഗ്രഹം.