തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കെ.എസ്.ആർ.ടി.സി സെക്യൂരിറ്റി ജീവനക്കാരൻ കൊച്ചി പള്ളുരുത്തി സ്വദേശി വി.പി.സുഗതന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി കലാം പാഷ നാല് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
എറാണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ഗാർഡ് അസിസ്റ്റന്റ് സാർജന്റായി ജോലി ചെയ്തുവന്നിരുന്ന സുഗുണന് താത്കാലിക കാരാർ ജീവനക്കാരുടെ മേൽനോട്ട ചുമതല കൂടിയുണ്ടായിരുന്നു. താത്കാലികക്കാരനായ സുനിൽകുമാറിനെ ജോലിയിൽ സ്ഥിരമായി നിറുത്താൻ കമ്മിഷൻ പറ്റിവരികയായിരുന്നുവെന്നാണ് കേസ്. 2009ൽ ജൂലായിൽ കമ്മിഷൻ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സുഗുണൻ ഭീഷണിപ്പെടുത്തി. വിവരം സുനിൽകുമാർ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് കെണിയൊരുക്കി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വച്ച് 300 രൂപ സുനിൽകുമാറിൽ നിന്ന് കൈപ്പറ്റുന്നതിനിടെ വിജിലൻസിന്റെ പിടിയിലാവുകയായിരുന്നു. വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈ.എസ്.പിമാരായ സി.എസ്.നജീബ്, എസ്.യു.സുനിൽകുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.