നെയ്യാറ്റിൻകര: ഭരണസമിതി തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കം നിലനിന്നിരുന്ന പെരുമ്പഴുതൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ - ഓപ്പറേറ്റീവ് ബാങ്കിൽ സി.പി.എം - കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെമ്പർ മാരായമുട്ടം സുരേഷിനാണ് വെട്ടേറ്റത്. നാല് സി.പി.എം പ്രവർത്തകർക്കും മാരായമുട്ടം സുരേഷ് ഉൾപ്പെടെ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കുണ്ട്. ബാങ്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി സഹകരണ ഇലക്ഷൻ കമ്മിഷന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസർ അനിൽകുമാർ ബാങ്കിലെത്തിയ സമയത്താണ് ഏറ്റുമുട്ടലുണ്ടായത്. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ അയിരൂർ സുബാഷ്, ആര്യൻകോട് വിഭുകുമാർ, റെജി എഡ് വേർഡ് തുടങ്ങിയവർക്കും മറ്റ് കോൺഗ്രസ് നേതാക്കളായ മാരായമുട്ടം രാജേഷ്, അമൽ രാജ് തുടങ്ങിയവർക്കും പരിക്കേറ്റു. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സി.പി.എം പ്രവർത്തകരായ മോഹനൻ, അനിൽകുമാർ, ജയദാസ്, ജയകുമാർ തുടങ്ങിയവർ വെൺപകൽ ആശുപത്രിയിൽ ചികിത്സ തേടി. റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തിയപ്പോൾ സി.പി.എം പ്രവർത്തകർ ഇദ്ദേഹത്തോടൊപ്പം ബാങ്കിനകത്ത് പ്രവേശിച്ചു. തുടർന്ന് അകത്തുണ്ടായിരുന്ന കോൺഗ്രസ് ഭരണസമിതി അംഗങ്ങൾ എതിർപ്പുമായി എത്തുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. നിലവിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ബോർഡാണ് ഭരണം നടത്തുന്നത്. ഭരണസമിതിയുടെ നടപടികളെ ചോദ്യംചെയ്ത് സി.പി.എം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഈ മാസം 20ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ സി.പി.എം പ്രവർത്തകരെ അതിനുള്ളിൽ പൂട്ടിയിടുകയായിരുന്നുവെന്നും, അവരെ രക്ഷിക്കാനെത്തിയ നേതാക്കളെ കോൺഗ്രസുകാർ മർദ്ദിച്ചെന്നും സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ് മോഹൻ പറഞ്ഞു. എന്നാൽ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവരുന്നതിനും വേണ്ടി സി.പി.എം നടത്തുന്ന നാടകമാണ് ആക്രമണത്തിന് പിന്നിലെന്ന് നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ പറഞ്ഞു.