bjp

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി നാല്പത്തിയേഴ് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. യുവതീപ്രവേശന വിധിക്ക് എതിരായ പുന:പരിശോധനാ ഹർജികൾ കേൾക്കുന്നത് സുപ്രീം കോടതി നീട്ടിവച്ച സാഹചര്യത്തിലാണ് തീരുമാനം. ഹർജികൾ പരിഗണിക്കുമെന്ന് അറിയിച്ചിരുന്ന ഈ മാസം 22 വരെ സമരം തുടരാനായിരുന്നു നേരത്തേയുള്ള തീരുമാനം.

അതേസമയം, നേതാക്കളുടെ നിരാഹാര സമരം കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന വിമർശനം പാർട്ടിയിൽ ശക്തമാണ്. സമരം തുടരുന്നതിനിടെ രണ്ടു യുവതികൾ അയ്യപ്പദ‌ർശനം നടത്തിയതും ക്ഷീണമായി. ശബരിമല നട ഇന്ന് അടയ്ക്കുന്ന സാഹചര്യത്തിൽ സമരം അനിശ്ചിതമായി നീട്ടുന്നതിൽ അർത്ഥമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. സമരത്തിൽ ശ്രദ്ധിക്കേണ്ടി വരുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ ബാധിച്ചെന്നും വിലയിരുത്തലുണ്ട്. സമരം ഈ രീതിയിൽ തുടരുന്നതിനോട് ആർ.എസ്.എസ് നേതൃത്വത്തിനും താല്പര്യമില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെന്ന് കരുതാം.

മണ്ഡല- മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നാളെ പൂ‌ർത്തിയാകുന്ന മുറയ്ക്ക് ഇപ്പോൾ നിരാഹാരമനുഷ്ഠിക്കുന്ന പി.കെ. കൃഷ്ണദാസിന് നാരങ്ങാനീര് നൽകിയായിരിക്കും സമരം അവസാനിപ്പിക്കുക. നാളെത്തന്നെയാണ് ശബരിമല കർമ്മസമിതിയുടെ അയ്യപ്പഭക്ത സംഗമവും.

വിശ്വാസി സമൂഹത്തോടു തോറ്റത്തിലെ ജാള്യം മറയ്ക്കാനാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ വ്യാജ സത്യവാങ്മൂലമെന്ന് ഇന്നലെ കൃഷ്ണദാസിന്റെ നിരാഹാരം ഉദ്ഘാടനം ചെയ്ത

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു.

വെർച്വൽ ക്യൂവിനു വേണ്ടി സി.പി.എം അണികൾ രജിസ്റ്റർ ചെയ്യിച്ച യുവതികളുടെ വിവരങ്ങളാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയതെന്നും, ശബരിമല സ്‌പെഷ്യൽ ഓഫീസർക്കും നിരീക്ഷണ സമിതിക്കും നൽകാത്ത വിവരം സർക്കാർ സത്യവാങ്മൂലമായി നൽകിയത് പുന:പരിശോധനാ ഹർജികളിലെ വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

പത്തു ദിവസമായി നിരാഹാരമനുഷ്ഠിച്ചു വന്ന പ്രൊഫ.വി.ടി. രമയുടെ ആരോഗ്യനില മോശമായതോടെ ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. തുട‌‌‌ർന്നാണ് കൃഷ്ണദാസ് സമരം ഏറ്റെടുത്തത്. സംസ്ഥാന ജനറൽസെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആരംഭിച്ച റിലേ നിരാഹാര സമരത്തിൽ പിന്നീട് സി.കെ. പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, എൻ. ശിവരാജൻ, പി.എം. വേലായുധൻ എന്നിവരും പങ്കെടുത്തിരുന്നു.