parassala

പാറശാല: ലോക റിക്കോർഡിലേക്ക് നീങ്ങുന്നതും നിർമ്മാണം പൂർത്തിയായി വരുന്നതുമായ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള മഹാശിവലിംഗത്തിനുള്ളിലെ ഏഴ് നിലകളിലായി 108 ചെറു ശിവലിംഗങ്ങളും സ്ഥാപിക്കും. 108 ശിവലിംഗങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മഹാബലിപുരത്ത് പുരോഗമിച്ച് വരികയാണ്. കൃഷ്ണശിലയിലെ ശിവലിംഗങ്ങൾ പ്രധാന ശില്പി യു.പത്മനാഭന്റെ നേതൃത്വത്തിലാണ് നിർമ്മാണം. മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു ഫെബ്രുവരി 20 ന് മഹാബലിപുരത്ത് നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കുന്ന ശിവലിംഗങ്ങൾ 21ന് മഹാശിവലിംഗത്തിനുള്ളിൽ പ്രതിഷ്ഠിക്കുന്നതാണ്. മഹാശിവലിംഗത്തിലെ ആദ്യ മൂന്ന് തട്ടുകളിൽ 16 ശിവലിംഗങ്ങൾ വീതവും ശേഷിക്കുന്ന നാല് തട്ടുകളിൽ 15 ശിവലിംഗങ്ങൾ വീതവുമാണ് പ്രതിഷ്ഠിക്കുന്നത്. മഹാശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന രണ്ടാമത് മഹാരുദ്ര യജ്ഞം ഫെബ്രുവരി 20 ന് ആരംഭിക്കുന്നതാണ്.